ലിത്വാനിയന്‍ വംശജനായ ഐഡാസ് സ്പെയിനിലെ 20 ഓളം റെസ്റ്റോറന്‍റുകളില്‍ ചെയ്തത് കേട്ടാല്‍ നിങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തലില്‍ കൈവയ്ക്കും. 50 വയസുകാരനായ ഐഡാസ്, 20 റെസ്റ്റോറന്‍റുകളില്‍ ഇത്തരത്തില്‍ പല തട്ടിപ്പുകള്‍ കാണിച്ച് ഭക്ഷണത്തിന്‍റെ ബില്ല് കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒടുവില്‍ പിടിക്കപ്പെട്ടു. ഐഡാസിന്‍റെ ഈ തട്ടിപ്പ് കൂടിയതോടെ സൂക്ഷിക്കേണ്ട ആളെന്ന് സൂചിപ്പിച്ച് കൊണ്ട് ഇയാളുടെ ചിത്രം മിക്ക റസ്റ്റോറന്‍റുകളിലും പതിച്ച് കഴിഞ്ഞു. ഇയാളെ കുറിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ഫോട്ടോ, ഐഡാസ് തറയില്‍ വീണ് കിടക്കുന്നതായിരുന്നു. റഷ്യന്‍ സാലഡ് കഴിക്കുമ്പോള്‍ ധാരാളം വൈറ്റ് ലേബൽ വിസ്കി കുടിക്കുന്ന ശീലം ഐഡാസിന് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

“അത് വളരെ നാടകീയമായിരുന്നു. അയാള്‍ ബോധം പോയതായി അഭിനയിച്ച് തറയില്‍ വീണു. വീണ്ടും ഇത്തരം പണി കിട്ടാതിരിക്കാന്‍ അയാളുടെ ഫോട്ടോ ഞങ്ങള്‍ എല്ലാ റസ്റ്റോറന്‍റുകളിലേക്കു അയച്ചു.” എൽ ബ്യൂൺ കോമറിന്‍റെ മാനേജർ മോയ്‌സസ് ഡൊമെനെക്ക് പറയുന്നു. ‘ക്ഷീണം അഭിനയിച്ച് റസ്റ്റോറന്‍റിന് പുറത്ത് പോകാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ ജീവനക്കാര്‍ തടഞ്ഞ് നിര്‍ത്തി. പിന്നാലെ പണം ഹോട്ടല്‍ മുറിയിലാണെന്നും എടുത്തിട്ട് വരാമെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, പണം നല്‍കാതെ വിടില്ലെന്ന് അറിയിച്ചപ്പോള്‍ അയാള്‍ ഹൃദയാഘാതം വന്നതായി അഭിനയിച്ച് നിലത്ത് വീണു. പക്ഷേ, എൽ ബ്യൂൺ കോമറിലെ ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസ് എത്തിയത് ആംബുലന്‍സുമായി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഐഡാസിന് ഒരു കുഴപ്പവുമില്ലെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പോലീസ് ഇയാളെ വിലങ്ങ് വച്ച് കൊണ്ടുപോവുകയായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു.