മുംബൈ: ടൈഗർ ഷെറോഫ് നായകനായി എത്തുന്ന ‘ഗണപത്’ വന്‍ പ്രതീക്ഷയോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തത്. ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍ എന്ന നിലയില്‍ നിര്‍മ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന് എന്നാല്‍ ബോക്സോഫീസില്‍ നല്ല ഫ്യൂച്ചറല്ലെന്നാണ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പറയുന്നത്.

ടൈഗർ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്നു ചിത്രത്തില്‍ അമിതാഭ് ബച്ചൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ചിത്രത്തിന് ഗുണം ചെയ്തില്ലെന്നാണ് വിവരം. നവരാത്രി അവധിക്കാലം ആയിട്ടുകൂടി ആളുകളെ കൂടുതലായി തീയറ്ററിലെത്തിക്കാന്‍ ഈ ചിത്രത്തിന് കഴിഞ്ഞില്ലെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽകിന്‍റെ കണക്കുകള്‍ പറയുന്നത്.

100 കോടിക്ക് മുകളില്‍ നിര്‍മ്മാണ ചിലവ് വന്ന ഗണപത് ആദ്യത്തെ മൂന്ന് നാളുകളില്‍ നേടിയത് 7 കോടിയാണ്. അതും വാരാന്ത്യത്തിലാണ് എന്നതിനാല്‍ തന്നെ ചിത്രം അടുത്താഴ്ച തികയ്ക്കുമോ എന്ന് സംശയമുണ്ട്. ഇന്ത്യന്‍ ബോക്സോഫീസ് കണക്കാണ് ഇത്. ആദ്യദിനത്തില്‍ ചിത്രം 2.5 കോടി നേടി. രണ്ടാം ദിനത്തില്‍ 2.25 കോടിയാണ് നേടിയത്. മൂന്നാം ദിവസവും 2.25 കോടിയാണ് ചിത്രം നേടിയത്. ഞായറാഴ്ച ചിത്രത്തിന്‍റെ ഒക്യൂപെന്‍സി 10.57 ശതമാനം ആയിരുന്നു.

2070 എഡിയില്‍ നടക്കുന്ന കഥയാണ് ഗണപത് പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറക്കാര്‍ പറയുന്നത്. പതിവ് പോലെ ഹൈ ആക്ഷന്‍ സീനുകളിലാണ് ടൈഗര്‍ ഷെറോഫ് അഭിനയിച്ചിരിക്കുന്നത് . പതിവില്‍ നിന്നും വ്യത്യസ്തമായി റൊമാന്‍റിക് ഹീറോയിന്‍ വേഷത്തില്‍ അല്ല ചിത്രത്തില്‍ കൃതി സനോണ്‍ എത്തുന്നത്. അതേ സമയം ചിത്രത്തിന്‍റെ ഗ്രാഫിക്സും, തിരക്കഥയും ഒട്ടും നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന തരത്തിലാണ് റിവ്യൂകള്‍ വന്നത്. പല ഹോളിവുഡ് കഥാ സന്ദര്‍ഭങ്ങളും അനുകരിക്കാനുള്ള ശ്രമം ചിത്രത്തിലുണ്ടായി എന്നും നിരൂപണം വന്നിരുന്നു.