അസമയത്തുള്ള വെടിക്കെട്ട് നിര്‍ത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നതെന്നും ഈ സമയം ഏതാണെന്ന് നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ട് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ഭാഗമാണ്. അതുനടത്തുന്നതിന് സമയപരിധിയില്ല, വെടിക്കെട്ട് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗം തന്നെയാാണ്. വെടിക്കെട്ട് അപകടമുണ്ടാക്കുന്നതാണെന്ന് പറയുമ്ബോഴും നമ്മുടെ സമൂഹത്തിന് വെടിക്കെട്ടിനോട് വലിയ താല്‍പര്യമാണ്. അതുകൊണ്ടുതന്നെ അതു നിര്‍ത്തലാക്കാന്‍ സാധിക്കില്ല.

ഒരു ഘട്ടത്തില്‍ വെടിക്കെട്ട് നിര്‍ത്തലാക്കുന്നതിനെ കുറിച്ചു വലിയ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് നിര്‍ത്തലാക്കാനുളള തീരുമാനത്തിലേക്കാണ് പോകുന്നതെങ്കില്‍ നിയമപരമായി നേരിടും. ക്ഷേത്രകമിറ്റികളും ദേവസ്വം ബോര്‍ഡുകളും അപീല്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ സര്‍കാര്‍ ചീഫ് സെക്രടറിയോട് നടപടിക്രമങ്ങളെ കുറിച്ച്‌ ആലോചിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അപീല്‍ പോകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.