കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാര്‍ക്ക് സ്ഥലമാറ്റം.നിലവില്‍ സസ്പെൻഷനില്‍ കഴിയുന്ന ഷൈമ, ഷലൂജ, പ്രസീത, ഷൈനി, ആസ്യ എന്നീ ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. മൂന്നുപേരെ തൃശ്ശൂരിലേക്കും രണ്ടുപേരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്. അച്ചടക്കനടപടി പ്രകാരമാണ് സ്ഥലമാറ്റം. ഷൈമ, ഷലൂജ, പ്രസീത എന്നിവരെ തൃശ്ശൂരിലേക്കും ഷൈനി, ആസ്യ എന്നിവരെ കോട്ടയത്തേക്കുമാണ് സ്ഥലം മാറ്റിയത്.

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്തെങ്കിലും നടപടിക്കെതിരേ വിമര്‍ശനം ശക്തമായതോടെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയിരുന്നു. ആസ്യയുടെ ഒരു ഇൻക്രിമെന്റ് ആറ് മാസത്തേക്ക് തടഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്.