തിരുവനന്തപുരം: ഇക്കൊല്ലം സെപ്റ്റംബര്‍ വരെ കേരളത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് 115 കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പോലീസ്.കുട്ടികള്‍ക്കെതിരേ നടക്കുന്ന അതിക്രമത്തിലാണ് തട്ടിക്കൊണ്ടുപോകലിന്റെ കണക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ പ്രലോഭനങ്ങള്‍ക്കു വിധേയമായി മറ്റുള്ളവര്‍ക്കൊപ്പം പോകുന്ന കേസുകളിലും തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ഉള്‍പ്പെടുത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

18 വയസ്സിനു താഴെ പ്രായമുള്ളവരുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം 269 കുട്ടികളെയും 2021-ല്‍ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നു. ഇത്തരം കേസുകളിലെല്ലാം ഭൂരിഭാഗം പേരെയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നുണ്ട്.ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്‌ കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാണാതായ കുട്ടികളില്‍, 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതില്‍ ആറു കേസുകള്‍ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.കണ്ടെത്താനുള്ളവരില്‍ 48 പേര്‍ ആണ്‍കുട്ടികളും 12 പേര്‍ പെണ്‍കുട്ടികളുമാണ്. ഭിക്ഷാടന മാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങള്‍, മനുഷ്യക്കടത്ത് സംഘങ്ങള്‍ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. അതിനു ശേഷം ആലുവ സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായിരുന്നു പ്രതിയായത്. കഴിഞ്ഞ ദിവസം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പോലീസ് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.