ഒരുരാത്രിമുഴുവൻ കേരളം ഉറക്കമിളച്ചിരുന്നു, ആ കുഞ്ഞിനെ ഒരുപോറലുമില്ലാതെ സുരക്ഷിതയായി തിരിച്ചെത്തിക്കണേയെന്ന് മാത്രമായിരുന്നു ഏവരുടെയും പ്രാര്‍ഥന.ചൊവ്വാഴ്ച നേരംപുലര്‍ന്നപ്പോഴും ആ ശുഭവാര്‍ത്ത കേള്‍ക്കാനായി കേരളം കാതോര്‍ത്തു. എന്നാല്‍, പകല്‍ 12 മണിയായിട്ടും അബിഗേല്‍ സാറാ റെജിയെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കാതായതോടെ ഓയൂരിലെ വീട്ടില്‍ തടിച്ചുകൂടിയ നാട്ടുകാരും രോഷംപ്രകടിപ്പിച്ച്‌ രംഗത്തെത്തി. അന്വേഷണം ആരംഭിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോലീസില്‍നിന്ന് കാര്യമായ വിവരമൊന്നും ലഭിക്കാത്തതാണ് പലരുടെയും രോഷത്തിന് കാരണമായത്. ഒടുവില്‍ കാണാതായി ഇരുപതുമണിക്കൂറിന് ശേഷം ഏവര്‍ക്കും ആശ്വാസമായി ആ വാര്‍ത്തയെത്തി. അബിഗേല്‍ സാറാ റെജിയെ കൊല്ലത്തുനിന്ന് കണ്ടെത്തി, അവള്‍ സുരക്ഷിതയാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയത്. ഒറ്റയ്ക്കിരുന്ന കുട്ടിയെ ചില കോളേജ് വിദ്യാര്‍ഥിനികളാണ് ആദ്യം കണ്ടതെന്നാണ് വിവരം. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. കണ്മുന്നിലിരിക്കുന്നത് ഓയൂരില്‍നിന്ന് കാണാതായ അബിഗേലാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി കുട്ടിയെ ഏറ്റെടുക്കുകയുമായിരുന്നു.

കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവര്‍ ആരാണെന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സംഘത്തെ കണ്ടെത്താനായി പോലീസിന്റെ അന്വേഷണം തുടരുകയാണ്. പോലീസും നാട്ടുകാരും തിരച്ചില്‍ വിപുലമാക്കിയപ്പോള്‍ മറ്റൊരുവഴിയുമില്ലാതെ പ്രതികള്‍ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അതേസമയം, മുഴുവൻ പോലീസ് സംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചിട്ടും കുട്ടിയെ കൊല്ലം നഗരത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതിലും ചോദ്യങ്ങളുയരും. തട്ടിക്കൊണ്ടുപോയ പ്രതികള്‍ കുട്ടിയുമായി കൊല്ലം നഗരത്തിലടക്കം സഞ്ചരിച്ചിരുന്നതായാണ് ഇത് വ്യക്തമാക്കുന്നത്.