നവംബർ മുതൽ നാലുമാസം കടുവകളുടെ ഇണചേരൽ കാലമാണ്. ഈ സമയത്താണ് കടുവകള്‍ പൊതുവേ കാടുവിട്ട് പുറത്തേക്കിറങ്ങുന്നത്.ഓരോ ആണ്‍കടുവയ്ക്കും സ്വന്തം സാമ്രാജ്യമുണ്ടാകും. മരങ്ങളില്‍ നഖമുരച്ചുണ്ടാക്കാറുള്ള പോറലുകള്‍ വഴിയും മൂത്രമൊഴിച്ചും സാമ്രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയാളപ്പെടുത്തും.ഓരോ കടുവയ്ക്കും വലിയ പ്രദേശം വേണം ഇരതേടാൻ. ഇണചേരല്‍ കാലത്തുമാത്രമേ കടുവകള്‍ സ്വന്തം സാമ്രാജ്യംവിട്ട് പുറത്തേക്കിറങ്ങൂ. ഇണയെത്തേടിയുള്ള യാത്രയില്‍, മറ്റൊരു ആണ്‍ കടുവയുടെ സാമ്രാജ്യത്തിലേക്ക് കയറിയാല്‍ യുദ്ധം ഉറപ്പാണ്. ഒരു ആണ്‍കടുവയുടെ സാമ്രാജ്യത്തിലേക്ക് മറ്റ് ആണ്‍കടുവകള്‍ക്ക് എത്തണമെങ്കില്‍ അവിടെയുള്ള ആണിനെ കീഴ്പ്പെടുത്തണം. ഇങ്ങനെ കീഴ്പ്പെട്ട്, പരിക്കേറ്റ് പുറത്താവുന്ന ആണ്‍കടുവകള്‍ ആയാസമില്ലാതെ ഇര ലഭിക്കുന്ന മേഖലകളിലേക്ക് വാസം മാറ്റും. ഇങ്ങനെ ഇണയ്ക്കായും സാമ്രാജ്യത്തിനായുമുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് പുറന്തള്ളപ്പെടുന്ന കടുവകളാണ് അധികവും നാട്ടിലെത്തുന്നത്.

നവംബര്‍മുതല്‍ ഫെബ്രുവരിവരെയുള്ള കാലയളവിലാണ് വയനാട് ജില്ലയില്‍ കടുവശല്യം രൂക്ഷമാകുന്നത്.മാനന്തവാടിയിലെ കുറുക്കന്മൂല, ബത്തേരിയിലെ ബീനാച്ചി, മന്തംകൊല്ലി, ചീരാല്‍, വടക്കനാട്, മൂലങ്കാവ്, തേലമ്ബറ്റ എന്നിവിടങ്ങളിലെല്ലാം കടുവകളിറങ്ങിയത് ഈ മാസങ്ങളിലാണ്. ആരോഗ്യമുള്ള കടുവ പൊതുവേ കാടിറങ്ങാറില്ല. പരിക്കുകള്‍ക്ക് പുറമേ വാര്‍ധക്യത്താലും ഇരതേടാൻ വിഷമമുള്ള കടുവകള്‍ കാടുകളില്‍നിന്ന് പുറത്തിറങ്ങി ആടുമാടുകളെ ഭക്ഷണമാക്കും. കടുവകളുടെ ആയുസ്സ് സാധാരണഗതിയില്‍ 15 വയസ്സുവരെയാണ്. പ്രായമേറുന്തോറും കടുവകള്‍ എളുപ്പത്തില്‍ വീഴ്ത്താവുന്ന ഇരകളിലേക്ക് തിരിയും. അതിലൊന്നാണ് കന്നുകാലികള്‍. കാഴ്ച ശക്തി കുറയുന്നതും കടുവകളെ മനുഷ്യവാസമേഖലകളോട് അടുപ്പിക്കും. ഇണചേരല്‍ക്കാലത്തൊഴിച്ച്‌ കടുവകളെ ജോഡികളായി കാണില്ല. ഒറ്റയ്ക്കാണ് ഇരതേടല്‍. ഒറ്റയിരിപ്പില്‍ മുപ്പതുകിലോ മാംസംവരെ തിന്നും. പിന്നെ രണ്ടുമൂന്നുദിവസം ഭക്ഷണം വേണ്ടാ. രാത്രിയിലും ഇരതേടും. കൊന്ന ഇടത്തുവെച്ചുതന്നെ ഇരയെ തിന്നുന്ന പതിവില്ല.