റോഡരുകില്‍ കെ.എസ്.ആര്‍.ടി.സി. ബസിനടിയില്‍ ഉറങ്ങിയ ശബരിമല തീര്‍ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി.ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കല്‍ -പമ്ബ റോഡില്‍ തുലാപ്പള്ളിയിലാണ് സംഭവം. തിരക്കുകാരണം വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇവര്‍ എത്തിയ കെ.എസ്.ആര്‍.ടി.സി. ബസും ഇങ്ങനെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ് രണ്ടുപേരും വാഹനത്തില്‍നിന്നിറങ്ങി അടിയില്‍ കിടന്നുറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ ഉറങ്ങുന്നതറിയാതെ ബസ് മുന്നോട്ടെടുത്തപ്പോഴാണ് കാലിലൂടെ ടയര്‍ കയറിയിറങ്ങിയത്.ഇവരെ ആദ്യം നിലയ്ക്കലിലെ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.