ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലും ബന്ദികളുടെ നിരുപാധിക മോചനവും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എൻ.ജനറല്‍ അസംബ്ലിയിലെ കരട് പ്രമേയത്തിന് ഇന്ത്യ ചൊവ്വാഴ്ച അനുകൂലമായി വോട്ട് ചെയ്തു. അള്‍ജീരിയ, ബഹ്റൈൻ, ഇറാഖ്, കുവൈറ്റ്, ഒമാൻ, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങി നിരവധി രാജ്യങ്ങള്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു.പ്രമേയത്തില്‍ ഹമാസിനെ പരാമര്‍ശിച്ചിട്ടില്ല. ഇസ്രയേലിന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായ യു.എസ്, പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിച്ചു. ‘2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രായേലില്‍ നടന്ന ഹമാസിന്റെ ഹീനമായ ഭീകരാക്രമണങ്ങളെയും ബന്ദികളാക്കിയതിനെയും അസന്ദിഗ്ധമായി നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു’, എന്ന ഖണ്ഡിക കൂട്ടിച്ചേര്‍ത്ത് ഭേദഗതി വരുത്താനായിരുന്നു നിര്‍ദേശം. ഈ ഭേദഗതിയെ പിന്തുണച്ചുകൊണ്ടാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.’യു.എൻ. ജനറല്‍ അസംബ്ലി അംഗീകരിച്ച പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. വലിയ മാനുഷിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം എല്ലാ സാഹചര്യങ്ങളിലും പാലിക്കപ്പെടണം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സമാധാനപരമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള ശ്രമമുണ്ട്’, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. യുദ്ധമേഖലകളിലെ ഗൗരവ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് രാജ്യാന്തര സമൂഹം പ്രകടിപ്പിക്കുന്ന ഐക്യത്തെ ഇന്ത്യ സ്വാഗതംചെയ്യുന്നതായും അവര്‍ വ്യക്തമാക്കി.