മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ യാത്ര കാണാൻ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയതിന് പോലീസ് ഏഴുമണിക്കൂര്‍ അന്യായമായി തടവില്‍വെച്ചെന്നാരോപിച്ച്‌ പത്തനാപുരം തലവൂര്‍ സ്വദേശിനി എല്‍.അര്‍ച്ചന നഷ്ടപരിഹാരംതേടി ഹൈക്കോടതിയില്‍. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.ഡിസംബര്‍ 18-ന് രണ്ടാലുംമൂട്ടില്‍ ഭര്‍ത്തൃമാതാവിനൊപ്പമാണ് ഹര്‍ജിക്കാരി യാത്ര കാണാനായി കാത്തുനിന്നത്. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് ബി.ജെ.പി.യുടെ പ്രാദേശിക ഭാരവാഹിയാണ്.പ്രതിഷേധിക്കാൻ നില്‍ക്കുകയാണെന്ന തെറ്റായ വിവരത്തെത്തുടര്‍ന്ന് പോലീസ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തു. പതിനൊന്നരയോടെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തന്നെ സ്റ്റേഷനില്‍ക്കൊണ്ടുപോയി ആറരയോടെയാണ് വിട്ടയച്ചതെന്ന് ഹര്‍ജിക്കാരി ആരോപിക്കുന്നു. പ്രതിഷേധിക്കാൻ വന്നതല്ലെന്ന് പറഞ്ഞിട്ടും പോലീസ് കേട്ടില്ലെന്നും താൻ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും അംഗമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.