കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാൻ വനിതകള്‍ക്ക് അവസരം. 600 ഡ്രൈവര്‍ കണ്ടക്ടര്‍ ഒഴിവുകളാണുള്ളത്.ട്രാൻസ്‌ജെൻഡറുകള്‍ക്കും അവസരം നല്‍കാൻ ആലോചനയുണ്ട്. പ്രഥമപരിഗണന സ്ത്രീകള്‍ക്കാണ്. ഇവര്‍ക്കുശേഷമുള്ള ഒഴിവുകളിലേക്കാകും പുരുഷന്മാരെ പരിഗണിക്കുക.ആദ്യബാച്ചില്‍ നിയമനംനേടിയ നാലുവനിതകള്‍ തിരുവനന്തപുരം സിറ്റിയില്‍ ഇലക്‌ട്രിക് ബസുകള്‍ ഓടിക്കുന്നുണ്ട്. ഹെവി ലൈസൻസുള്ളവര്‍ക്കുപുറമേ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസൻസുള്ള (എല്‍.എം.വി.) വനിതകള്‍ക്കും അപേക്ഷിക്കാം. ബസ് ഓടിക്കാൻ കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കും.നീളമുള്ള ഡീസല്‍ ബസുകള്‍ക്കുപകരം ചെറിയ ഇലക്‌ട്രിക് ബസുകളിലാകും ഇവരെ നിയോഗിക്കുക. പരിശീലനം ഡീസല്‍ ബസില്‍ ആയിരിക്കും. ഹെവി ലൈസൻസുള്ളവര്‍ക്ക് 35 വയസ്സും എല്‍.എം.വി. ലൈസൻസുള്ളവര്‍ക്ക് 30 വയസ്സുമാണ് പ്രായപരിധി. രാവിലെ അഞ്ചിനും രാത്രി പത്തിനും ഇടയ്ക്കുള്ള ട്രിപ്പുകളിലാകും ഇവരെ നിയോഗിക്കുക. എട്ടുമണിക്കൂര്‍ ഡ്യൂട്ടിക്ക് 715 രൂപയും കളക്‌ഷൻ ബാറ്റ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും. അധികമണിക്കൂറിന് 130 രൂപയാണ് പ്രതിഫലം.