ഒരുപാട് സിനിമകളില്‍ നടിയായും ബാലതാരമായും തിളങ്ങിയ നടിയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം കുടുംബ സമേതം അമേരക്കയിലാണ് താമസം.

അവിടെ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ. മൂന്നു കുട്ടികളാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങളെല്ലാം ദിവ്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

വര്‍ഷങ്ങളായി ദിവ്യയുടെ പേരിനൊപ്പം കലാഭവന്‍ മണിയുമായി ബന്ധപ്പെട്ട ഒരു വിവാദം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച ചെയ്യപ്പെടാറുണ്ട്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താനുമായി ബന്ധപ്പെട്ട ആ വിവാദത്തോട് പ്രതികരിക്കുകയാണ് ദിവ്യ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികം എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെറുക്കാനായാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവന്‍ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞ് ആ ഗാനരംഗം ഒഴിവാക്കിയെന്നായിരുന്നു ആരോപണം.ഈ വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു. ദിവ്യ നല്‍കുന്ന അഭിമുഖങ്ങള്‍ക്ക് താഴെയുള്ള കമന്റ് ബോക്സുകളിലും താരത്തെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. ഇതേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ദിവ്യയുടെ പ്രതികരണം ഇങ്ങനെ:ആരാണ് ഇത് പറഞ്ഞത് എന്നറിയില്ല. അതെക്കുറിച്ച്‌ സംസാരിക്കാനേയില്ല. കാരണം എന്താണെന്ന് വച്ചാല്‍ നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അതൊരു ന്യായീകരണം പോലെയാകും. നമ്മള്‍ നമ്മുടെ തന്നെ ഭാഗം പറയുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ഞാന്‍ അതേക്കുറിച്ച്‌ അഭിപ്രായം പറയാനില്ല. മണിച്ചേട്ടന്‍ പോയില്ലേ.ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച്‌ ചെയ്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്കറിയാം. കമന്റുകള്‍ എഴുതുന്നവര്‍ മറുപടി അര്‍ഹിക്കുന്നില്ല. സ്വന്തം സമയം പാഴാക്കി, മറ്റുള്ളവരെ കുത്തി നോവിക്കുന്നവര്‍ക്ക് വേണ്ടി നമ്മുടെ സമയം പാഴാക്കുന്നതില്‍ അര്‍ഥമില്ല. ഞാന്‍ ഇത്തരം കമന്റുകള്‍ വായിക്കാറില്ല- ദിവ്യ പറഞ്ഞു.