റിലീസ് കേന്ദ്രങ്ങളിലെമ്പാടും ഗംഭീര അഭിപ്രായവുമായി വിജയക്കുതിപ്പ് തുടരുകയാണ് ചിദംബരം സംവിധാനംചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്.

ഗുണാ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്ന സുഹൃത്തുക്കളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ സിനിമയുടെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും നടൻ കമല്‍ഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറങ്ങിയത്. ഡെവിള്‍സ് കിച്ചണ്‍ എന്നറിയപ്പെട്ടിരുന്ന കൊടൈക്കനാലിലെ ഗുഹ ഗുണ എന്ന കമല്‍ ഹാസൻ ചിത്രം ഇറങ്ങിയതിനുശേഷമാണ് ഗുണാ കേവ് എന്നറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമായി പ്രശസ്തിയാർജിച്ചത്. ഗുണയുടെ ചിത്രീകരണസമയത്തെ അനുഭവങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്സ് ടീമിനോട് കമല്‍ഹാസനും ഗുണയുടെ സംവിധായകൻ സന്താനഭാരതിയും പങ്കുവെച്ചു.

തനിക്ക് മഞ്ഞുമ്മല്‍ ബോയ്സ് ഏറെ ഇഷ്ടമായെന്ന് കമല്‍ ഹാസൻ പറഞ്ഞു. പ്രേമം അല്ലെങ്കില്‍ മൊഹബത്ത് എന്ന വാക്ക് സൗഹൃദത്തിനും ഉപയോഗിക്കാം. ഗുണ കേവിലുള്ള പാറ ഉണ്ടായിട്ട് വളരെ വർഷങ്ങളൊന്നുമായിട്ടില്ല. ഒരു യങ് ഫോർമേഷനാണത്. അതിലൊരു അപകടമുണ്ട്. റോക്ക് ക്ലൈമ്ബിങ്ങിന് പറ്റിയതല്ല. കുരങ്ങുകള്‍ ഇതിനുള്ളിലേക്ക് അപകടം മനസിലാക്കാതെ വീണിട്ട് കയറാൻപറ്റാതെ ചത്തുപോകും. ഹേ റാം എന്ന ചിത്രത്തില്‍ ഒരു രംഗത്തില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന് കുരങ്ങ് തലയോട്ടികള്‍ താൻ ഗുണാ കേവില്‍ നിന്നെടുത്തതാണെന്നും കമല്‍ പറഞ്ഞു.