ഓള്‍റൗണ്ടർ രോഹൻ പ്രേം കേരളത്തിനായുള്ള കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ബംഗാളിനെതിരെയുള്ള മത്സരത്തിനുശേഷമാണ് തീരുമാനം അറിയിച്ചത്.

തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെയും ടീമംഗങ്ങളെയും അറിയിച്ചതായി രോഹൻ പ്രേം പറഞ്ഞു. അതേസമയം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി കളിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് രോഹൻ പ്രേം. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വിളി വന്നാല്‍ പോകും. ഈ കളിയെ അത്രമേല്‍ ഇഷ്ടപ്പെടുന്നു. കേരള ടീമില്‍നിന്ന് മാറിനിന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാൻ കാരണമാകുമെന്നും രോഹൻ വ്യക്തമാക്കി.

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രഞ്ജിയില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും റണ്‍സ് നേടിയതും രോഹനാണ്. 19-ാം വയസ്സില്‍ രഞ്ജിയില്‍ കേരളത്തിനായി പാഡണിഞ്ഞ രോഹൻ 18 വർഷം കളിച്ചു. രഞ്ജിയില്‍ 5,479 റണ്‍സ് നേടി. 63 വിക്കറ്റും സ്വന്തമാക്കി. 63 ലിസ്റ്റ് എ മത്സരങ്ങളും 57 ട്വന്റി-20 മത്സരങ്ങളിലും കേരളത്തിനായി പാഡണിഞ്ഞു.