ബെയ്ജിങ്: പുതിയ പാക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫ് അലി സർദാരിക്ക് അഭിനന്ദനങ്ങള്‍ നേർന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻ.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും സർദാരിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ മുൻ പ്രസിഡന്റ് ബേനസീർ ഭൂട്ടോയുടെ ഭർത്താവ് കൂടിയായ സർദാരി ശനിയാഴ്ചയാണ് പാകിസ്താന്റെ 14-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പാകിസ്താൻ പീപ്പിള്‍സ് പാർട്ടിയുടെ സഹസ്ഥാപകനായ സർദാരി നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇരു രാജ്യങ്ങളും കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഉയർന്ന തലത്തിലുള്ള വിനിമയങ്ങള്‍ നിലനിർത്തിയിട്ടുണ്ട്. അവരവരുടെ പ്രധാന താത്പര്യങ്ങളും പരിഗണനകളും സംബന്ധിച്ച പ്രശ്നങ്ങളില്‍ പരസ്പരം പിന്തുണച്ചിട്ടുമുണ്ട്. ചൈന-പാകിസ്താൻ എക്കണോമിക് കോറിഡോറിന്റെ നിർമാണത്തില്‍ ഫലവത്തായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉയർന്ന തലത്തിലുള്ള ഉഭയകക്ഷി ബന്ധവും നിലനിർത്താനായി, ഷി ജിൻപിങ് കൂട്ടിച്ചേർത്തു.ചൈനയും പാകിസ്താനും നല്ല അയല്‍ക്കാരാണ്.

നല്ല സുഹൃത്തുക്കളും പങ്കാളികളും സഹോദരരുമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉറച്ചബന്ധം ചരിത്രത്തിന്റെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്താനും തമ്മിലുള്ള പരമ്ബരാഗതമായ സൗഹൃദത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സർദാരിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണ്. വിവധ മേഖലകളില്‍ പ്രായോഗികമായി സഹകരിക്കും. കൂടുതല്‍ അടുത്ത ചൈന-പാകിസ്താൻ ബന്ധത്തിനായുള്ള ശ്രമം ത്വരിതപ്പെടുത്തുമെന്നും അതുവഴി രണ്ടുപേർക്കും പ്രയോജനമുണ്ടാകുമെന്നും ഷി ജിൻപിങ് പറഞ്ഞു.