കുതിരകൾ കുതിച്ചുപാഞ്ഞ,
കടലോര മണലിൽപ്പതിഞ്ഞ,
കുളമ്പടികൾ,
കാലത്തിന്നടയാളം.

കടലിരമ്പലിൽ പതഞ്ഞുപൊങ്ങി,
കരകയറിയ കടൽമീനുകൾ,
ശ്വാസമില്ലാതെ പിടയുമ്പോൾ,
പറന്നടുക്കുന്ന കടൽക്കാക്കകൾ.

കണ്ണുകളിൽ കോപമോടെ,
പരുന്തുകളുപരോധം തീർക്കവെ,
പിടയുന്ന മീനുകളെത്തേടി,
തിരകൾ വീണ്ടും തീരമണയുന്നു.

പൂഴിമണലിൽ പൂണ്ടുകിടക്കുന്ന,
പിടയുന്നവയുടെ ദൈന്യത..

ആശ്വാസമാകുന്ന തിരകൾ,
ഒഴുകിയിറങ്ങി,
അനന്തതയിൽ…
ആഴങ്ങളിൽ…
സ്വച്ഛതയിൽ…

കരയിൽ ആഹാരത്തിനായ്,
വിരോധോപരോധപ്രകടനങ്ങൾ,
ഇരക്കായുള്ള നാടകങ്ങൾ,
തുടരവെ,
രക്ഷപ്പെട്ടവർ വരുന്നു,
ശ്വാസമന്വേഷിച്ച്,
ഓളപ്പരപ്പിൽ..

വന്നുമടങ്ങി,
വീണ്ടുമാഴങ്ങളിലേക്ക്…

വേലിയേറ്റയിറക്കങ്ങൾ തുടരവെ,
ഉദയാസ്തമനങ്ങൾ തുടരവെ,
അശാന്തിയുടെ തീരങ്ങളിൽ,
കുതിരക്കുളമ്പടികൾ മായുന്നില്ല….
******************************************




എഴുതിയത് : രാഖേഷ് നായർ

ശ്രീ രാഖേഷ് നായർ പാലക്കാട് സ്വദേശിയാണ്. കവിതകൾ എഴുതുന്നതിൽ മാത്രമല്ല ചിത്രരചനയിലും തൽപരനാണ്. നവ മാദ്ധ്യമങ്ങളിൽ സ്ഥിര സാന്നിദ്ധ്യമായ കവിയുടെ രചനകൾക്ക് അനുവാചകമനസ്സുകളിൽ ചിന്തയുടെ പ്രത്യേകതലം തന്നെ ആവശ്യമാണ്…