സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് വിവിധ ജില്ലകളില്‍ മഴ എത്തുമെന്നാണ് കാലവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ തിരുവനന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും.

ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴയ്ക്കാണ് സാധ്യത. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അ‍ഞ്ചാം തീയതി വരെയുള്ള കാലാവസ്ഥ മുന്നറിയിപ്പുകളില്‍ സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇടിമിന്നല്‍ കാെണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.അതേ സമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിപ്പിച്ച ഉഷ്ണ തരംഗ സാധ്യത ഇന്നും നിലനില്‍ക്കുന്നുണ്ട്. കാലാവസ്ഥ വകുപ്പ് ഈ പ്രദേശങ്ങളില്‍ യെല്ലോ അലേർട്ടാണ് നല്‍‌കിയിരിക്കുന്നത്. ഉഷ്ണ തരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതു ജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സമയങ്ങളില്‍ ജനങ്ങള്‍ക്ക് സൂര്യാഘാതാവും സൂര്യതാപവും ഏല്‍ക്കാൻ സാധ്യത കൂടുതലാണ്.

പാലക്കാട് ജില്ലയില്‍ ഞായറാഴ്ച വരെ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയേക്കും. ഈ ദിവസങ്ങളില്‍ തൃശൂർ ജില്ലയില്‍ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ , പത്തനംതിട്ട,, കണ്ണൂർ, ജില്ലകളില്‍ 37 ഡിഗ്രി സെല്‍‌ഷ്യസ് വരെയും തിരുവനന്തരപുരം, എറണാകുളം, കാസർഗോഡ്, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് രേഖപ്പെടുത്താൻ സാധ്യ ഉള്ളതായി കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക. ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാത്തരം പുറം ജോലികളും, കായിക വിനോദങ്ങളും മറ്റ് പ്രവർത്തനങ്ങളും പൂർണമായും നിർത്തി വെയ്ക്കുക. ധാരാളമായി വെള്ളം കുടിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക.