സ്വര്‍ണം ക്ഷീണം മാറ്റി കുതിപ്പ് തുടങ്ങി. ഇന്ന് വന്‍ തോതിലുള്ള വില വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റക്കുറച്ചിലുകളും നേരിയ ആശ്വാസവും നല്‍കിയ സ്വര്‍ണം പൊടുന്നനെ കുതിക്കാനുണ്ടായ കാരണം അമേരിക്കയിലെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റമാണ്. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.

ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ രൂപ അല്‍പ്പം ക്ഷീണത്തിലാണ്. എണ്ണ വിലയിലും പച്ച കത്തിയിട്ടുണ്ട്. വിപണിയില്‍ അതിവേഗം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വര്‍ണ വിലയെ സ്വാധിനിക്കുമെന്നാണ് എടുത്തു പറയേണ്ട കാര്യം. ഈ മാസം ഒന്നിന് 52440 രൂപയായിരുന്നു പവന്‍ വില. ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ആയിരം രൂപയിലധികം കുറവായിരുന്നു. അറിയാം പുതിയ വില സംബന്ധിച്ച്…

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53600 രൂപയാണ് വില. കഴിഞ്ഞ ദിവസത്തേക്കാള്‍ 680 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 85 രൂപ കൂടി 6700ലെത്തി. ആഗോള വിപണിയിലും സ്വര്‍ണ വില വര്‍ധിക്കുകയാണ്. ഔണ്‍സിന് 2351ലേക്ക് കയറിയിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്.