കൊച്ചി: മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം ഒരു മാസ് പടം തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ടര്‍ബോയാണ് ആ ഗണത്തിലേക്ക് വരുന്ന ചിത്രം. ആദ്യ ദിനം തന്നെ സര്‍വ റെക്കോര്‍ഡുകളും ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ടര്‍ബോയ്ക്കാണ്.

മമ്മൂട്ടി മാസ് ചിത്രം ചെയ്തിട്ടും ദീര്‍ഘകാലമായിരുന്നു. ഭീഷ്മപര്‍വമാണ് മമ്മൂട്ടി അവസാനം ചെയ്ത മാസ് ചിത്രം. ഇത് ആഗോള തലത്തില്‍ വലിയ കളക്ഷന്‍ തന്നെ നേടിയിരുന്നു. എന്തായാലും മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രത്തെ കൂടി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതുകാണ്ട് കളക്ഷനില്‍ ചില നേട്ടങ്ങള്‍ മമ്മൂക്ക സ്വന്തമാക്കിയിരിക്കുകയാണ്.

ടര്‍ബോ റിലീസിന് മുമ്പേ തന്നെ വലിയ ഹൈപ്പ് നേടിയിരുന്നു. പ്രീ സെയിലിലൂടെ മികച്ച കളക്ഷന്‍ ടര്‍ബോ സ്വന്തമാക്കിയിരുന്നു. റിലീസ് ദിനമായ വ്യാഴാഴ്ച്ച മികച്ച അഭിപ്രായം ലഭിച്ചതിന് പിന്നാലെ 224 എക്‌സ്ട്രാ ഷോകളാണ് ലഭിച്ചത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. കേരളത്തില്‍ നിന്ന് ആകെ 11 കോടിയോളം നേടിയിട്ടുണ്ടെന്നായിരുന്ന അനൗദ്യോഗിക കണക്ക്.

2024ലെ ആദ്യ ദിന കളക്ഷനില്‍ സര്‍വ ചിത്രങ്ങളെയും ടര്‍ബോ വീഴ്ത്തിയിരുന്നു. ആദ്യ ദിനത്തില്‍ 6.25 കോടി രൂപയാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് നേടിയത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ 5.85 കോടിയുടെ ആദ്യ ദിന കളക്ഷനെയാണ് ചിത്രം മറികടന്നത്.അതേസമയം ഇന്‍ഡസ്ട്രി ട്രാക്കറായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ ചെറിയ വ്യത്യാസമുണ്ട്. രണ്ടാം ദിനം വര്‍ക്കിംഗ് ഡേയായിട്ടും പിടിച്ച് നില്‍ക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നുവെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 3.70 കോടിയാണ് ചിത്രം നേടിയതെന്നും സാക്‌നില്‍ക്ക് പറഞ്ഞു.

മൂന്നാം ദിനമായ ശനിയാഴ്ച്ച ചിത്രത്തിന് മുന്നേറ്റമുണ്ടായി എന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഷോകളും തമ്മിലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ 4 കോടി മൂന്നാം ദിനത്തില്‍ ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഒരുപക്ഷേ കൂടുതലാവാനോ കുറയാനോ സാധ്യതയുണ്ട്. നാല് കോടിയാണ് ലഭിക്കുന്നതെങ്കില്‍ മൂന്ന് ദിവസം കൊണ്ട് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് 13.95 കോടിയാണ് നേടിയിരിക്കുന്നത്.