തോരാതെ പെയ്യുന്ന
മഴയത്തിറങ്ങി നിൻ
ചിരിയിൽ നനഞ്ഞൊട്ടു
നിൽക്കാൻ കൊതിച്ചു ഞാൻ.

‘അടരുക’യവനിതൻ
നിയതി തന്നീടിലും
വെറുതേ കൊതിച്ചു ഞാൻ
മഴയത്രമേൽ.

ആഴിതൻ സ്വന്തമായ്
ഒഴുകിപ്പിരിയിലും
ഈ മുകിൽമുത്തുക-
ളേറെയിഷ്ടം.

വൃഥാശ്രമിപ്പു ഞാൻ
കുമ്പിളിൽക്കോരിയെൻ
നെഞ്ചോട് ചേർത്തൊട്ടു
സ്വന്തമാക്കാൻ.

വിണ്ണിൽപ്പറക്കുനൊരുണ്ണി
മേഘത്തെ ഞാൻ
ഒക്കത്തിരുത്താൻ
കൊതിപ്പതെന്തേ?

കാതോർക്ക നീ ശ്യാമ-
മേഘമേ കേൾക്കുമോ
എന്നുമീ വാനത്ത്
നിൽക്കാവതോ?

തോർന്നു തീരാത്തൊരു
മോഹമായെന്നുമെൻ
ചിത്തം കുളിർക്കെ
നീ പെയ്തീടുമോ?

ആർദ്രമായൊറ്റയ്ക്ക്
പൂത്തിറങ്ങീടുമോ
നീലനിശീഥിനിത്താഴ്
ത്തൊടിയിൽ?

വർണ്ണമയൂരങ്ങൾ
നർത്തനമാടവെ
ചാരത്ത് നീ രാഗതാളം
പൊഴിക്കുമോ?

ഇത്രമേലാഴത്തിൽ
പെയ്തു വീണില്ലൊരു
മുത്തുപോലിത്രമേ-
ലൊരു നീർക്കണം.

നിന്നിൽ നനഞ്ഞു
ഞാനൊട്ടു നടക്കട്ടെ
ധന്യമീ പാതയില-
ങ്ങോളവും.
…..റഷീദ് ചുള്ളിമാനൂർ….

തിരുവനന്തപുരം ചുള്ളിമാനൂർ ആണ് താമസം. ദുബായിലും ബഹറൈനിലും സൌദിയിലും ഒക്കെയായി ഇരുപത്തഞ്ചു വർഷം പ്രവാസിയായിരുന്നു.
പ്രസിദ്ധികരണങ്ങൾ: –
1.. കവിതാ സമാഹരം ‘മഹാമൗനങ്ങളുടെ വല്മീകം’
2.. ബാലസാഹിത്യ കഥകൾ. ‘ തേൻ തുമ്പികൾ’ (രണ്ടും പ്രഭാത് ബുക്ക്സ് )
കാലിക പ്രസിദ്ധികരണങ്ങളിലും, ഓൺലൈനിലും എഴുത്ത് , കവിയരങ്ങുകളിൽ സാന്നിദ്ധ്യം.
പുരസ്കാരങ്ങൾ.
2019 ലെ ‘ മലയാറ്റൂർകാവ്യപുരസ്കാരം ‘ .
ഉപാസന സാംസ്കാരിക വേദി Tv m.
2018 സക്സസ് കേരള, കർമ്മശക്തി
ദിനപത്രം നല്കിയ ‘ കാവ്യപുരസ്കാരം ‘
പ്രവർത്തനമേഖല.
പ്രൊഗ്രസീവ് റ്റൈറ്റേസിന്റെ സംസ്ഥാന
കമ്മറ്റിയംഗം .
പ്രഭാത് സാംസ്കാരിക സംഘം അംഗം.
സാഹിത്യ കേരളം മാസികയുടെ സർക്കുലേഷൻ മാനേജർ