10,000 റോഡ്‌, 517 പാലം, 7500 ഹൈടെക്‌ കെട്ടിടം ; സമാനതയില്ലാത്ത നാല്‌ വർഷം

നാലു വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷം
ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല

ഏനാത്ത് പാലത്തിന്റെ പുനർനിർമാണത്തിൽ പട്ടാളത്തെവരെ ഉപയോഗിച്ചു. കുട്ടനാട് താലൂക്കിൽ 14 പാലമാണ് നിർമിക്കുന്നത്. പാലം നിർമാണത്തിന്‌ പ്രത്യേക ചീഫ് എൻജിനിയറെയും ജില്ലകൾതോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. രാജ്യത്ത്‌ ആദ്യമായി മെയിന്റനൻസ് ജോലികൾക്കായി ഒരു ചീഫ് എൻജിനിയറെ നിയമിച്ചു. 7500 ലേറെ സർക്കാർ കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ എൻജിനിയർമാരെ നൽകി പ്രത്യേക ‌ വിഭാഗം ഉണ്ടാക്കി. 50 സബ്‌ രജിസ്‌ട്രാർ ഓഫീസിന്റെ നിർമാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിർമിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയിൽനിന്ന്‌ 14 കോടി രൂപയായി വർധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക്‌ മാറ്റി. സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചത്.

സഫലമാക്കുന്നത്‌ അരനൂറ്റാണ്ടുകാലത്തെ മോഹം
അമ്പത്‌ വർഷമായി മോഹിക്കുന്ന ദേശീയപാത 66 (പഴയ എൻഎച്ച് 47) നാലുവരിയാക്കാനുള്ള പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 44,000 കോടി രൂപയോടെ 650 കിലോ മീറ്റർ കാസർകോടുമുതൽ കളിയിക്കാവിളവരെയുള്ള ദേശീയപാത നിർമാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും സംസ്ഥാന സർക്കാർ 200 കോടി ചെലവഴിച്ച് രണ്ട് പാലത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി. ഒക്ടോബറിൽ തുറന്നുകൊടുക്കും.

3500 കോടിയുടെ മലയോര ഹൈവേ
മലയോര ഹൈവേ 3500 കോടി രൂപ ചെലവിൽ 21 റീച്ചിന്റെ നിർമാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മലയോര ഹൈവേ ഉടൻ പൂർത്തിയാക്കും. 413 കോടി രൂപയുടെ 101 സിആർഎഫ് റോഡും, 950 കോടി രൂപയുടെ 150 നബാർഡ് റോഡും കേന്ദ്ര ഫണ്ടുവഴി നിർമിക്കുന്നുണ്ട്.

4000 കോടി രൂപ അടങ്കലിൽ ലോകബാങ്കും സംസ്ഥാന പൊതുമരാമത്തുവകുപ്പും ചേർന്ന് നിക്ഷേപം നടത്തി നിർമിക്കുന്നു. റീബിൽഡ് കേരളയുടെ 40 റോഡിന്റെ നിർമാണവും നടക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.