സന്ദേഹം എന്നൊരു ബോർഡ് കണ്ടെങ്കിലും വലതുകാൽ വെച്ചാണകത്തുകേറിയത് 

പലതവണ വഴുതി വീഴ്ത്തി 
ഇറയം പരിഭവം കാണിച്ചു 

കുളിമുറി അവളുടെ മണം 
ഉൾകൊള്ളാൻ മടിച്ചു തുറക്കാൻ വിഷമിച്ചു 

പഠിച്ച വൈഭവങ്ങളെ 
പകർത്തിയപ്പോൾ 
കരിഞ്ഞും തിളച്ചുതൂവിയും 
പരിഹാസച്ചിരിയുമായി അടുക്കള 

കോരിയ തൊട്ടിയിൽ മുഴുവൻ നിറയാതെ 
കിണർ ധാഷ്ട്യം കാണിച്ചു 

മുറ്റത്ത്‌ ഇരട്ടി കരിയിലകൾ 
വീഴ്ത്തി ദേഷ്യം കാണിച്ചു 
പ്ലാവും മാവും 

ആ ഇരുപതുകാരിയ്ക്ക് 
ഉപദേശവുമായൊരു മഴ 
മുറ്റത്ത്‌ വന്നു 

പഴയ മുഖം മാറ്റി മുഖമൂടി വെയ്ക്കുക നീ 
അഞ്ചടിപൊക്കത്തിൽ 
അഞ്ചിരട്ടി സ്നേഹം നിറയ്ക്കു നീ … 

അങ്ങനെയവളുടെ 
പേരും മാറി വീട്ടമ്മ
…. പൈമ…..
 
കോതമംഗലം സ്വദേശി 
നവമാധ്യമങ്ങളിൽ കവിത കുറിക്കുന്നു
നിരവധി  കവിതകൾ പല ബുക്കുകളിൽ 
പബ്ലിഷ് ചെയ്തിട്ടുണ്ട് 
ബ്ലോഗർ ആണ്