“ഡീ .. ഒരു ചായ തന്നേ ..”

മുറിയിലേക്ക് കേറിക്കൊണ്ട് ഞാന്‍ അടുക്കളയില്‍ പൊരിഞ്ഞ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്ണുമ്പിള്ളയോടായി വിളിച്ചു പറഞ്ഞു. അവളുടെ പടവാള് കൊണ്ടുള്ള വെട്ടേറ്റ് അങ്ങാടിയില്‍ നിന്നും വാങ്ങിച്ചു കൊണ്ടുവന്ന കോഴി തുണ്ടം തുണ്ടമായി അടുക്കളയിലെ സിങ്കിലൂടെയും വര്‍ക്കേരിയയിലൂടെയും പൂത്തിരി കത്തിച്ച പോലെ ചിതറി തെറിക്കുന്നുണ്ടായിരുന്നു. 
പൂത്തിരിക്കിടയിലൂടെ അവള് ഉണ്ടക്കണ്ണ് ഉരുട്ടി ഒരു നോട്ടം നോക്കി. ഏതാണ്ട് ഒരു വല്യ താറാമൊട്ട പോലെ ഉണ്ടാര്‍ന്നു അവള്‍ടെ അപ്പഴത്തെ കണ്ണിന്‍റെ ഷെയ്പ്പ്. എങ്ങനെ ഉരുട്ടാതിരിക്കും? ഇന്ന് രാവിലെ എത്തിയ എന്നോട് ഒന്ന് മിണ്ടാന്‍ കൂടി അവള്‍ക്കു പറ്റിയിട്ടില്ല. തിക്കും പൊക്കും നോക്കി എങ്ങനേലും ഒന്ന് അടുത്ത് വരുമ്പഴേക്കും മോള് “അച്ഛാ…” എന്നും വിളിച്ച് എവിടെ നിന്നെങ്കിലും ചാടി വീണിട്ടുണ്ടാകും. 
പൂവന്‍ കോഴി പിടക്കോഴിയുടെ പിന്നാലെ കുറുകിക്കൊണ്ട്‌ നടക്കുന്ന പോലെ കൊറേ നടന്നു നോക്കി. ലീവിന് വന്ന ഞാന്‍ എന്ന മഹാ പ്രസ്ഥാനത്തെ വേണ്ടവിധം സന്തോഷിപ്പിക്കുന്നതിലേക്കായി അടുക്കളയില്‍ സ്റ്റാര്‍ ഹോട്ടലിലെ മെനു പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അയലോക്കത്തെ മാധവിച്ചേച്ചിയും കമലേടത്തിയും അടുക്കളയില്‍ തന്നെ കുറ്റിയടിച്ച് നില്‍ക്കുന്നത് കാരണം വല്ലാതെ അടുത്ത് ചെല്ലാനും ഒരു മടി
ഇടക്കൊക്കെ ” മമ്മീ.. പൂമുഖത്തേക്ക്‌ രണ്ടു ബ്ലാക്ക് ടീയേ ..” എന്നുള്ള സുരാജിന്റെ പ്രശസ്തമായ ഡയലോഗ് അതേപടി ഈണത്തില്‍ ചൊല്ലി അടുക്കളയിലൂടെ റൌണ്ട് അടിച്ചെങ്കിലും പെണ്‍പടയുടെ ഇരുത്തിയുള്ള ഒരു നോട്ടവും അമര്‍ത്തിയുള്ള മൂളലും ഇനിയും കേക്കാന്‍ വയ്യ എന്ന് കരുതി പിന്നെ അങ്ങോട്ട്‌ കേറിയില്ല. വീണ്ടും കേറിയാല്‍ അമ്മ കൊരണ്ടിപ്പലക വച്ച് വീക്കും എന്നുള്ള പേടിയും ചെറുതോതില്‍ ഉണ്ടായിരുന്നു
അതിനു കാരണം ഉണ്ട്. എന്റെ കറക്കം കണ്ട് അമ്മ ചോദിക്കേം ചെയ്ത്
” നീയെന്താടാ പൂച്ച മീന്‍ നോക്കുന്ന പോലെ നോക്കി നടക്കുന്നെ? . ” 
ചോദ്യത്തിന് പിന്നാലെ മാലപ്പടക്കം പൊട്ടുന്ന പോലെ ഉള്ള പെണ്‍പടയുടെ ചിരിയും കൂടെ ആയപ്പോ പൂര്‍ത്തിയായി. ആള്‍ക്കൂട്ടത്തില്‍ വച്ച് മുണ്ടില്‍ മുള്ളിയ പോലെ ആയ ഞാന്‍ പതിയെ സ്കൂട്ടായി. അല്ലെങ്കില്‍ തന്നെ ഇതുങ്ങള്‍ക്കൊക്കെ അറിയാവോ ഒരു കൊല്ലം കഴിഞ്ഞു ലീവിന് വരുന്ന ഒരു പ്രവാസിയുടെ വിരഹവേദന !!!
ഇടക്കെപ്പഴോ അവള് അടുക്കളയില്‍ നിന്നും പരോള്‍ കിട്ടി പുറത്തിറങ്ങിയ തക്കത്തിന് ഞാന്‍ കുറുക്കന്‍ കോഴിയെ പിടിക്കുന്ന പോലെ ഒരൊറ്റ പിടി പിടിച്ച് അഞ്ചാറ് ഉമ്മ അങ്ങ് വച്ചുകൊടുത്തു.

” അമ്മേ .. ദേ മാമന്‍ അമ്മായീനെ ഉമ്മ വെക്കുന്നു …………..!!!!!!!!!!!” 
ന്‍റെ പെങ്ങടെ മോന്‍. ഏതൊക്കെ രീതീല്‍ മാമനിട്ട് പണി കൊടുക്കാം എന്ന് ഗവേഷണം നടത്തുവാണെന്ന് തോന്നും അവന്‍റെ ചെല നേരത്തെ കുരുത്തക്കേടുകള്‍ കണ്ടാല്‍.  അവന്റെ അലര്‍ച്ചയില്‍ വീട് കുലുങ്ങി.  അടുക്കളയില്‍ ഇരുന്ന പാത്രങ്ങള്‍ കുലുങ്ങി. അപ്പ്രത്ത്‌ മുറുക്കാന്‍ ഇടിച്ചോണ്ടിരുന്ന മുണ്ടിയമ്മ വരെ രണ്ടു കുലുക്കം കുലുങ്ങി.
അടുക്കളേലെ പെണ്ണുങ്ങള്‍ അമര്‍ത്തി ചിരിക്കുന്നു. പെണ്ണുമ്പിള്ളയുടെ മുഖം ആണേല്‍ ഉത്സവപ്പറമ്പില്‍ വീര്‍പ്പിച്ചു വച്ചിരിക്കുന്ന മത്തങ്ങാ ബലൂണ്‍ പോലെ വീര്‍ത്ത് ഇരിക്കുന്നു. ആ മോന്തക്കിട്ട്‌ ഒരൊറ്റ കുത്തു വച്ച് കൊടുക്കാനും മോന്ത പൊട്ടി കാറ്റ് ശൂ എന്ന ഒച്ചയില്‍ പോകുന്നത് കേള്‍ക്കുമ്പോ കൈകൊട്ടിച്ചിരിച്ചു അവളുടെ കയ്യീന്ന് ആറാം വാരിക്കിട്ടു കുത്തു കിട്ടി മിണ്ടാതെ കട്ടിലേല്‍ പോയി കെടക്കാനും ഒരു ആഗ്രഹം ഉണ്ടായെങ്കിലും പ്രവാസിയുടെ ഇഹ് ഇഹ് ആലോചിച്ചപ്പോ വേണ്ടാന്നു വച്ചു.
” ഓള് പേറ് നിര്‍ത്തീട്ടൊന്നും ഇല്ലല്ലോ? ” പെങ്ങളെപ്പറ്റി ഞാന്‍ പെണ്ണുമ്പിള്ളയോട് ചോയ്ച്ചു
” ഇല്ല. ന്തേ? “
“ഒന്നൂല്ല. ചെക്കന്‍റെ കണ്ണില്‍ കൊഴിയെക്കൊണ്ട് കൊത്തിച്ചു ആ മുറിവില്‍ കാ‍ന്താരി അരച്ച് പിടിപ്പിച്ച് തോട്ടില്‍ കൂടെ ഒഴുക്കി വിട്ടാലോ എന്നാ ഞാന്‍ ആലോചിക്കുന്നെ”
“വേണ്ടാതീനം ഒന്നും പറയണ്ട. ഞാനെങ്ങനെ അടുക്കളയിലേക്കു പോകും? ആലോചിക്കുമ്പോ തൊലി ഉരിയുന്നു”
“പിന്നേ.. നാട്ടീ നടക്കാത്ത സംഗതി അല്ലേ ..നീ ധൈര്യമായിട്ട് പോടീ .” എനിക്കില്ലാത്ത ധൈര്യം ഞാനവള്‍ക്ക് ആവശ്യത്തിനു മിച്ചം വാരിക്കോരി കൊടുത്തു. അവളാ ധൈര്യവും കൊണ്ട് അടുക്കളയിലേക്കു പോയി. അടുക്കളയില്‍ നിന്നും ഹമ്മിംഗ് ആയി “ഉം …. ഉം ….” എന്നുള്ള മൂളല്‍ കേള്‍ക്കുന്നുണ്ടായിരുന്നു
എന്തായാലും ഒരു കൊല്ലം കാത്തിരുന്നില്ലേ. കൊറച്ചു നേരം കൂടെ കാത്തിരിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് കൂനിന്മേല്‍ കുരു പോലെ കൃഷ്ണന്‍ നായരുടെ വരവ്
കൃഷ്ണന്‍ നായര്‍ ഈസ് എ മഹാന്‍ ഓഫ് മൈ നാട്. ഏഷണി കൂട്ടുക, കല്യാണം മുടക്കുക, നാട്ടിലെ പെണ്‍കുട്ടികളെപ്പറ്റിയും ആണ്‍കുട്ടികളെപ്പറ്റിയും ചുമ്മാ അവരാതം പറഞ്ഞുണ്ടാക്കുക എന്നിത്യാദി ഒരാള്‍ക്കും ഒരു തരത്തിലും ഉപദ്രവം ഉണ്ടാക്കാത്ത ജാതി പണികള്‍ ചെയ്യുക എന്നുള്ളതാണ് ടിയാന്‍റെ മുഖ്യ തൊഴില്‍. 
മനസ്സറിഞ്ഞു പണിയെടുക്കുന്നതിനു ഇടക്കൊക്കെ നാട്ടാര് നല്ല കനത്തില്‍ തന്നെ കൂലി കൊടുക്കാറും ഉണ്ട്. ഈ അടുത്ത് എവിടന്നോ നല്ല രീതിയില്‍ കൂലി കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു. മൂപ്പര് അത്യാവശ്യം ഒന്ന് ചീര്‍ത്തിട്ടുണ്ട്. നീര് വച്ചതായിരിക്കും.
പിന്നെ മൂപ്പരെപ്പറ്റി പ്രചാരത്തില്‍ ഉള്ള ഒരു ഇതിഹാസം എന്താന്നു വച്ചാല്‍; അങ്ങേരു ഒരിക്കെ ചെരുപ്പ് വാങ്ങാന്‍ വേണ്ടി കടേല്‍ കേറി. രണ്ടുമൂന്നു മണിക്കൂര്‍ നേരത്തെ തിരച്ചിലുകള്‍ക്ക് ചെഷം ഒരുജോഡി ചെരുപ്പ് അങ്ങേരു കണ്ടെടുത്തു. 
“കാക്കേ.. ഇതിനെന്താ വില?”

“മുന്നൂറ് രൂപ. അല്ല ചേട്ടാ. അത് രണ്ടും രണ്ടു സൈസാ. ചേട്ടന്റെ സൈസ് എത്രയാ? “
“ഫാ നാറീ. നെനക്കെന്റെ സൈസ് അറിയണോ? ഞാനെന്‍റെ പെണ്ണുമ്പിള്ളക്ക് പോലും … ” 
“ചേട്ടാ അതല്ല. ചെരിപ്പിന്റെ സൈസ്. “
ബ്ലിങ്കസ്യാ എന്നൊരു ഭാവത്തോടെ നായര് ചെരിപ്പ് കാലില്‍ ഇട്ടു നോക്കി. എട്ടിഞ്ചിന്റെ ഒരെണ്ണം കറക്റ്റ് ആയി കാലേല്‍ ഇരിക്കുന്നു. അടുത്തത് ലേശം പിന്നിലേക്ക്‌ തൂമ്പയുടെ അഗ്രം പോലെ തള്ളി നിക്കുന്നു. പത്തിഞ്ചിന്റെ ചെരുപ്പ് ആണ്. 
” ഇതിനെന്നാ വില? ” ചെറുത് ചൂണ്ടിക്കാണിച്ചു കൊണ്ട് നായര് ആസ്ക് ടു കടക്കാരന്‍
” രണ്ടിനും ഒരേ വെലയാ. മുന്നൂറ് രൂവ”
“എന്നാപ്പിന്നെ വലുത് തന്നേക്ക്‌. എന്തായാലും പൈസ മൊടക്കുന്നതല്ലേ. വലുതന്നെ ആയിക്കോട്ടെ “
അങ്ങനെ കടക്കാരനെ പറ്റിച്ച സന്തോഷത്തില്‍ നായര് വലിയ ചെരിപ്പും ഇട്ടോണ്ട് ഇറങ്ങിപ്പോയി. 
ആ നായര് ആണ് ഇപ്പൊ മുറ്റത്ത് വയനാടന്‍ ചുരത്തില്‍ കുരങ്ങന്‍മാര്‍ ആരുടെ കയ്യില്‍ നിന്നെങ്കിലും വല്ല പഴവും കിട്ടുവോ എന്ന് നോക്കുമ്പോലെ നോക്കി നിക്കുന്നത്. ഇനി ഇത് എന്ത് മാരണം ആണാവോ
“നായരേ .. എന്തൊക്കെ ഒണ്ട് വിശേഷം? ” ഇയാളിതുവരെ ചത്തില്ലേ എന്ന് മനസ്സില്‍ കരുതി എങ്കിലും ചുമ്മാ ഇല്ലാത്ത ഒരു ചിരി എവിടന്നൊക്കെയോ കടം വാങ്ങി മുഖത്ത് വച്ചുപിടിപ്പിച്ച് ഞാന്‍ ഒരു കുശലം ചോദിച്ചു
” ഓ നെനക്ക് നമ്മളെ ഒക്കെ ഓര്‍മ്മ ഒണ്ടോ? .. നീയൊക്കെ വല്യ ഗള്‍ഫുകാരന്‍ ആയിപ്പോയി ” 
തന്‍റെ കുടുമ്മത്തൂന്നു സ്ത്രീധനം കിട്ടിയ പൈസ കൊണ്ടാണോഡോ പന്ന കെളവാ ഞാന്‍ ഗള്‍ഫുകാരന്‍ ആയേ? എന്ന ചോദ്യം അടിവയറ്റില്‍ നിന്നും ഹൈ സ്പീഡ് ജെറ്റില്‍ കയറി ഭൂമധ്യരേഖയില്‍ നിന്നും അക്ഷാംശം രേഖാംശം കയറി ചുണ്ട് വരെ എത്തി സഡന്‍ ബ്രേക്കിട്ടു നിന്നു. അതുവരെ പഠിച്ചതില്‍ നിന്നും സെലക്റ്റ് ചെയ്ത് അഞ്ചാറു തെറി പുറത്തേക്ക് പ്രക്ഷേപണം ചെയ്യണം എന്ന് കരുതി എങ്കിലും പ്രവാസിയുടെ ഇഹ് ഇഹ് ആലോചിച്ചപ്പോ പിന്നേം ഒരു ദീര്‍ഘ നിശ്വാസത്തില്‍ മറുപടി ഒതുക്കി.
” വന്ന സന്തോഷത്തിന് ഒരു നൂറു രൂവ താടാ. ഇച്ചിരെ പൊകല വാങ്ങട്ടെ” 
സന്തോഷം ആര്‍ക്കാണോ ആവോ. ഞാനെന്തായാലും ഭയങ്കര സന്തോഷത്തില്‍ നില്‍ക്കുവാണ്. വന്നു കേറിയപ്പോ മൊതല് അങ്ങനത്തെ കാര്യപരിപാടികള്‍ ആണല്ലോ നടക്കുന്നെ. എന്നാലും നൂറു രൂവക്കൊക്കെ വാങ്ങുന്ന പൊകല ഇയാളിത് എത്ര കൊല്ലം കൊണ്ട് ചവച്ചു തീര്‍ക്കും?
എന്തായാലും മാരണം ഒഴിയട്ടെ എന്ന് കരുതി അപ്പത്തന്നെ പോക്കറ്റില്‍ നിന്നും നൂറു രൂപ എടുത്ത് കൊടുത്തു. അതുവാങ്ങി മുണ്ടിന്റെ കോന്തലക്കല്‍ എവിടെയോ പൂഴ്ത്തി വച്ച് അങ്ങേര് എന്റടുത്തേക്ക് വന്നു ഒരു സ്വകാര്യം പറഞ്ഞു
” കുന്നേക്കാവില്‍ കൊറച്ചു ചെന്തെങ്ങ് പാട്ടത്തിനു കൊടുക്കുന്നുണ്ട്. വേണേല്‍ ഒന്ന് പോയി നോക്കാം. ചുളു വെലക്ക് കിട്ടും. ലീവ് തീരുന്ന വരെ വട്ടച്ചെലവിനുള്ള പൈസ ആകും “
ആലോചിച്ചു നോക്കിയപ്പോ സംഗതി ശരിയാണ്. കൊറച്ചു ചില്ലറ കൊടുത്താല്‍ അതിങ്ങ്‌ കയ്യില്‍ ഇരിക്കും. ചെന്തെങ്ങിന്‍റെ കരിക്കിന് നല്ല വെല കിട്ടും. എന്തായാലും ഒന്ന് പോയി നോക്കാം. 
അടുക്കളയിലേക്ക് ഒരു ചെറിയ പ്രതീക്ഷയോടെ ഒന്ന് പാളി നോക്കിയ ശേഷം ഇറങ്ങി. ബൈക്കിന്‍റെ പിറകില്‍ വവ്വാല് പറ്റിപ്പിടിച്ച് ഇരിക്കുന്ന പോലെ ഇരുന്ന നായരെയും കൂട്ടി കുന്നേക്കാവിലേക്ക് വിട്ടു. തോട്ടത്തിലേക്ക് കേറി. അവിടവിടെ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങുകളില്‍ തേങ്ങകള്‍, മാങ്ങകള്‍, ചക്കകള്‍ !!!
“കായഫലം കൊറവാണല്ലോ നായരേ … ഇത്രേം പൈസക്കുള്ള സാധനം ഒന്നും ഇല്ല.” 
” ഇജ്ജൊന്ന് കേറി നോക്ക്. ഇവിടന്നു നോക്കുന്ന കൊണ്ടാ. നല്ല അസ്സല് കരിക്കാ.”
പൈസ കൊടുത്ത് എടുക്കേണ്ടതല്ലേ. എന്തായാലും ഒന്ന് കേറി നോക്കാം. 
അവിടെ കെടന്ന ഒരു ചെറിയ വാഴയുടെ ചപ്പ് ചുരുട്ടി തളപ്പ് ആക്കി കാലേല്‍ ഇട്ട് തെങ്ങില്‍ വലിഞ്ഞു കേറി. കേറി മണ്ടയില്‍ എത്താറായപ്പോ ആണ് തലക്കകത്ത് ആരോ തോണ്ടിയത്. അല്ല. ഞാനെന്തിനാ ഇപ്പൊ തെങ്ങേല്‍ കേറിയേ? അതും ആരാന്‍റെ പറമ്പിലെ തെങ്ങില്‍ … !!! പന്നപ്പട്ടിനായര് പണി തന്നതാണോ? 
എനിക്ക് ആലോചിച്ചു മുഴുവനാക്കാന്‍ സമയം കിട്ടുന്നതിനു മുന്നേ അപ്പുറത്ത് നിന്നും ” ആരെടാ തെങ്ങേല്‍ കേറുന്നെ !!!! ” എന്നുള്ള അലര്‍ച്ചയ്ക്ക് പിന്നാലെ ആരോ ഓടി വരുന്ന ശബ്ദവും കേട്ടു
ആ അലര്‍ച്ചയില്‍ എന്‍റെ സകല ഗ്യാസും പ്സ്സ് എന്ന ശബ്ദത്തോടെ ഔട്ട്‌ ആവുകയും ഞാന്‍ പ്രരര്ര്ര്ര്ര്ര്ര്‍ എന്നുള്ള ശബ്ദഘോഷത്തോടെ തെങ്ങില്‍ നിന്നും താഴേക്ക്‌ ഊര്‍ന്നിറങ്ങുകയും ചെയ്തു. ഓട്ടത്തിനിടയില്‍ നായരെ നോക്കി എങ്കിലും ഞാന്‍ തെങ്ങിന്റെ മണ്ടയില്‍ എത്തിയ സമയത്ത് തന്നെ അവിടന്ന് സ്കൂട്ടായി അങ്ങാടിയിലെ ചായക്കടയില്‍ ഇരുന്ന് കാലിച്ചായ കുടിച്ചു കൊണ്ടിരുന്ന നായരെ അവടെ എങ്ങനെ കാണാന്‍. ബൈക്ക് സ്റ്റാര്‍ട്ട് ആക്കി നൂറെ നൂറ്റിപ്പത്തില്‍ പാഞ്ഞു വീട്ടില്‍ എത്തി. വിയര്‍ത്തു കുളിച്ച് കിതച്ചു കേറിവന്ന എന്നെ കണ്ടപ്പഴേ സകല എണ്ണവും കോലായില്‍ ഹാജര്‍. 
“നീയിതെവിടന്നാടാ ഈ കോലത്തില്‍ വരുന്നേ? “
” ഒന്ന് തെങ്ങേല്‍ കേറിയതാ .. ” 
“നീയെന്തിനാ ഇപ്പൊ തെങ്ങേല്‍ കേറാന്‍ പോയെ?”
” അത് .. പിന്നെ .. നായര് … ” വിശദീകരിച്ചു പറയണം എന്നുണ്ടായിരുന്നെങ്കിലും കിതപ്പ് കാരണം വാക്കുകള്‍ തൊണ്ടയില്‍ ജാമായി കിടന്നു
ഞാന്‍ അകത്തേക്ക് പോകുന്ന സമയത്ത് അമ്മ പെണ്ണുമ്പിള്ളയോട് പറയുന്നുണ്ടായിരുന്നു
” അടുക്കളയിലെ പണി ഒക്കെ ഞങ്ങള് തീര്‍ത്തോളാം. നീ അവന്‍റെ അടുത്തോട്ടു ചെല്ല്. ഇല്ലേല്‍ അവന്‍ ഇനി വല്ല പനയിലും പോയി കേറും !!!”

…പ്രകാശ് ആനന്ദ്..

നേരം തെറ്റിയ നേരത്ത് അമ്മയെപ്പോലും ഞെട്ടിച്ചുകൊണ്ട് ശൈഖുനാ കളത്തില്‍ പ്രകാശ് ആനന്ദ് എന്ന നോം ഭൂജാതനായി . ചെറുപ്പം മുതലേ നല്ല സ്വഭാവഗുണങ്ങളുടെ വിളനിലം ആയതുകൊണ്ടാവാം നാട്ടാരുടേയും വീട്ടാരുടെയും അല്‍പസ്വല്‍പം കൈക്രിയകളും കാല്‍ക്രിയകളും ലേശം കൂടുതലായിത്തന്നെ  വാക്രിയകളും വേണ്ടുവോളം കിട്ടി ബോധിച്ചുകൊണ്ടിരുന്നു . തല്‍ഫലമായി ഈയുള്ളവന്‍റെ എല്‍സ് ആന്‍ഡ്‌ പല്‍സ്  പ്ലസ് ഓര്‍ മൈനസ് ആവുകയും ചെയ്തുകൊണ്ടിരുന്നു . 
നാരീരത്നങ്ങളുടെ കൈപ്പാടുകള്‍ ഇനി ദേഹത്ത് പതിയാന്‍ ഇല്ലാത്തവണ്ണം ഫലഭൂയിഷ്ടമായപ്പോള്‍ വീട്ടാരും നാട്ടാരും ചേര്‍ന്ന് ഒരു തീരുമാനം എടുത്തു . നാടുകടത്തുക . അങ്ങനെ നാട്ടാരുടേയും വീട്ടാരുടെയും പൂജനീയ നാരീരത്നങ്ങളുടെയും ക്ഷേമ പരിപാലനത്തിനായി ഈയുള്ളവന്‍ ഒട്ടകങ്ങളുടെ നാട്ടിലേക്ക് വണ്ടികയറി . ഇപ്പോള്‍ ഇവിടെ ഒരു കമ്പനിയെ പാപ്പരാക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്നു . 
ആനന്ദ് ശങ്കര്‍ എന്നും ആനന്ദ് എന്നും ഒളകര വളവന്‍ എന്നും പേരുകള്‍ എനിക്കുണ്ട് . മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കൊള്ളാത്ത പേരുകള്‍ കണ്ടമാനം നാട്ടുകാര്‍ എനിക്ക് വേണ്ടി സസന്തോഷം പതിച്ചു നല്‍കിയിട്ടും ഉണ്ട് . നിങ്ങള്‍ക്കും ഇതില്‍ എന്ത് വേണമെങ്കിലും വിളിക്കാം..