ബസിറങ്ങി കോളേജിലേക്ക് നടക്കുമ്പോൾ വഴിയരികിൽ ചെറിയൊരാൾക്കൂട്ടം .. റോഡരികിലെ വാകമരച്ചുവട്ടിൽ ആരോ വീണു കിടക്കുന്നു.. ആരാവും ? കാലുകൾ അങ്ങോട്ടേക്ക്.. ഒന്നേ നോക്കിയുള്ളു.. പൂക്കൾ നീർത്തിയിട്ട ചുവന്ന പരവതാനിയിൽ നിർന്നിമേഷനായി അയാൾ കിടക്കുന്നു.. വെറും നിലത്ത്..

നിസംഗതയുടെ ശാന്ത ഗാംഭീര്യത്തിലും ചുണ്ടുകളിൽ ഒരു പുഞ്ചിരി തങ്ങി നില്പുണ്ടോ .. ?

ഉണ്ടാവും.. അത്രയേറെ നിസംഗനായിരുന്നല്ലോ..

ഇവിടൊക്കെ അലഞ്ഞു നടക്കാറുണ്ടായിരുന്നു.. പ്രാന്തനൊന്നുമല്ല, വീടും കുടിയും വിട്ടിറങ്ങിയതോ ഇറക്കി വിട്ടതോ ആയിരിക്കും .. 

ചെവിയരികിൽ ആരോ അടക്കി സംസാരിക്കുന്നു.. ഇനീപ്പോ … അനാഥപ്രേതമല്ലേ .. കോർപ്പറേഷൻകാർ എടുത്തു കൊണ്ട് പോകും..

മനസുലഞ്ഞു … അയാൾ മരിച്ചു മരവിച്ച് കോർപ്പറേഷന്റെ കാരുണ്യം കാത്ത് കിടക്കുന്നു.. ഇങ്ങനെയാണോ പോവേണ്ടിയിരുന്നത്.. അല്ല , അല്ല .. മനസ് നിലവിളിക്കുന്നു..

അക്ഷരങ്ങളുടെ കൂട്ടുകാരനായിരുന്നു അയാൾ .. യാദൃശ്ചികമായി ആളോട് സംസാരിക്കേണ്ടി വന്ന ദിവസം വരെ എന്റെ മനസിലും വഴിയരികിൽ അലഞ്ഞു തിരിഞ്ഞവരിൽ ഒരാൾ ..

പരിചയം സൗഹൃദമായപ്പോൾ ഒരിക്കൽ ചോദിച്ചു.. ഒന്നു അടയാളപ്പെടുത്തേണ്ടതായിരുന്നില്ലേ? നക്ഷത്രത്തിളക്കമുള്ള കണ്ണുകളിൽ ചിരി തെളിഞ്ഞു നിന്നു.. വേണ്ട കുട്ടി.. അടയാളപ്പെടുത്തുന്നത് വ്യക്തിത്വങ്ങളെയാണ്.. എനിക്ക് എഴുത്തുകാരനാവണ്ട.. അവന്റെ അക്ഷരങ്ങളെ ആവാഹിക്കുന്ന , മഷി കുടിച്ചു നീട്ടിത്തുപ്പി അവനെ അടയാളപ്പെടുത്തുന്ന തൂലികയാവണം .. അവന്റെ നൊമ്പരങ്ങളും പ്രസാദത്വങ്ങളുമറിഞ്ഞ് തേഞ്ഞു തീരണം…

പലരുടെയും ബിരുദങ്ങൾക്കും പുരസ്കാര പ്രതിഭാധനത്വങ്ങൾക്കും പിന്നിൽ ആ തൂലിക തേഞ്ഞു തീർന്നു.. പാതയോരത്തെ പൂവാകച്ചോട്ടിൽ ആരോരുമറിയാത്ത അനാഥപ്രേതമായി അക്ഷരങ്ങളുടെ കൂട്ടുകാരൻ .. ക്ഷരശരീരത്തിനപ്പുറം അക്ഷരക്കൂട്ടുകളിൽ ആ ആത്മാവ് പ്രജ്വലിക്കുന്നുണ്ടാവാം..

ഹൃദയത്തിലൊരു ചിരാത് കൊളുത്തി വച്ച് ഞാൻ നടന്നകന്നു..

രാത്രി ദൈനികിത്താളിൽ ഒറ്റ വരിയിൽ ഞാനീ ദിവസം കുറിച്ചിട്ടു.. ഇവിടെ ഒരു അക്ഷരമായ ആത്മാവുള്ളൊരു മനുഷ്യൻ ജീവിച്ചിരുന്നു..

ഇനി ഞാൻ ഉറങ്ങട്ടെ! നാളെയിലേക്ക് വീണ്ടും  ..

,,,,അളകനന്ദ…