അഗ്നിയാണിടം നെഞ്ചില്‍
ആത്മരോഷത്താല്‍ 
അനീതി നീതിയായ് 
മേവുമിടത്തിലായ്
നീതിയോതിയോള്‍ 
ആമ്രപാലി….

ദേവിയായ് കണ്ടൊരാ 
രാജനും മേലെയായ്
ദുര്‍ബുദ്ധബ്രാഹ്മണ്യം
അഹംകരിക്കേ
വരേണ്യ നീ വധുവായ്
അനേകര്‍ക്കു പ്രിയയായ്
ഉപഭോഗകാമത്തിനധിപയായ് നീ

നഗരവധു നരകവധു 
ചൊല്ലിയ നീതിക്കു
ഗണികയായ്ത്തീര്‍ത്തൊരാ
രാഷ്ട്രനീതി..

അഗ്നിയിലെരിച്ചീല 
വരിഷ്ഠാംഗനേ നീ

മാംഗല്യസൂത്രങ്ങളൊന്നു പോലും
ചൊല്ലെഴും സംസ്കാര
ദേവതയാകുവാന്‍
തെല്ലും ശ്രമിച്ചീല നീയെന്നതും
എങ്കിലുമോര്‍ത്തു ഞാന്‍

ദേവി നീ ഏറ്റിയ
ശാപമുകുടമതൊന്നിനാലേ
പരിവര്‍തനാര്‍ഹയായ് 
പൂജ്യയായ് നീതി നീ-
യേന്തിയ പാപത്താലേ
മകളേ പിറക്കുക വീണ്ടുമീ ഭാരത
ഭൂവില്‍ മകളായ്
നീതിക്കു കാവലായ്..
അളകനന്ദ