മൂന്നാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ കോവിഡ് വാക്സിൻ എത്തുമെന്ന ഉറപ്പിൽ ആശുപത്രികളോട് സജ്ജമായിട്ടിരിക്കാൻ നിർദ്ദേശം കൊടുത്തു.

ക്രിസ്മസിന് മുമ്പ് ഇമ്മ്യൂണിറ്റി കുറഞ്ഞ ആൾക്കാർക്ക് ആദ്യം വാക്സിൻ നല്കുന്നതിലേക്കായി എൻ എച്ച് എസ് തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സെന്റ് ജോസഫിന്റെ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് തലവൻ ജോൺ ഫിൻഡ് ലെ ആണ് ഇക്കാര്യം അറിയിച്ചത്.

കെയര്‍ ഹോം അംഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും (80 വയസിന് മുകളിലുള്ള) മുൻനിര ആരോഗ്യപ്രവർത്തകർക്കുമായിരിക്കും ആദ്യഘട്ട വാക്സിൻ നൽകുക. ഡിസംബർ 31ന് ബ്രെക്സിറ്റ്‌ പരിവർത്തന കാലയളവ് അവസാനിക്കുകയാണ്. അതുകൊണ്ടാവണം അതിനു മുന്നേ കോവിഡ് വാക്സിൻ കണ്ടുപിടിക്കേണ്ടത് ബ്രിട്ടന് അനിവാര്യതയായത്.

രണ്ട് ഡോസ് കുത്തിവയ്പ്പ് മൂന്നു നാല് ആഴ്ചകൾക്കുള്ളിൽ നൽകാനാണ് പദ്ധതി ഇട്ടിട്ടുള്ളത്. ഗെയ്‌സ് ഹോസ്പിറ്റൽ, സെന്റ് തോമസ് ഹോസ്പിറ്റൽ, കിംഗ്‌സ് കോളേജ് ഹോസ്പിറ്റൽ എന്നിവ വാക്സിൻ ഹബ്ബുകളായേക്കും. വാക്സിൻ ടാസ്ക് ഫോഴ്സ് എന്നൊരു വിഭാഗം ഉദ്യോഗസ്ഥരും നിലവിൽ പ്രവർത്തനം ആരംഭിക്കും.

ഏഴു ദിവസത്തിനുള്ളിൽ ഫ്ലൂ വാക്സിൻ ലഭിച്ചവർക്ക് ഈ വാക്സിൻ നൽകില്ല. നൈറ്റിംഗേല്‍ വാക്സിനേഷൻ സെന്ററുകളുടെ ഒരു ശൃംഖല തന്നേ ഒരുങ്ങുകയാണ്. എല്ലാ സെന്ററുകൾക്കുമുള്ള അംഗീകാരം ഈ മാസം പകുതിയോടെ ശരിയാകുന്നതാണ്.

വ്യത്യസ്തമായ ആറു വാക്സിനുകളിൽ നിന്ന് 350 ദശലക്ഷം ഡോസുകൾ വാങ്ങാനാണ് സർക്കാർ ഒരുങ്ങുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനക്കയും ഫൈസറിനൊപ്പം ബയോടെക്കുമായി സഹകരിച്ചാണ് വാക്സിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മനുഷ്യപരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലാണ് ഈ വാക്സിനിപ്പോൾ.

എല്ലാ പരീക്ഷണഘട്ടങ്ങളും വിജയിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയാൽ വർഷാവസാനത്തോടെ പതിന്നാല് ദശലക്ഷം ഡോസുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് യു കെ വാക്സിൻ ടാസ്ക് ഫോഴ്സ് തലവൻ കേറ്റ് ബിംഗ്ഹാം അഭിപ്രായപ്പെട്ടു.

അടുത്ത മാസം ആരംഭിച്ചേക്കാവുന്ന വാക്സിൻ പ്രോഗ്രാമിൽ ഓരോ വാക്സിൻ ഡോസിനും 12.58 പൗണ്ട് നൽകുമെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.