എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ സീറ്റ് അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നും ശക്തമായ ഇടപെടല്‍ ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ഫീസ് അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കുവാന്‍ വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആശങ്കകള്‍ പരിഹരിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. പതിനഞ്ചാം തീയതി മുതല്‍ ഓപ്ഷന്‍ നല്‍കി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് നിശ്ചയിച്ചുകൊണ്ട് പതിനൊന്നാം തീയതി തന്നെ ഫീസ് നിര്‍ണ്ണയ കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 6.5 ലക്ഷം മുതല്‍ 7.1 ലക്ഷം രൂപ വരെയുള്ള ഫീസ് ആണ് നിശ്ചയിച്ചിരുന്നത്. ഈ ഫീസ് നിര്‍ണ്ണയത്തിലുള്ള ചില അപാകങ്ങള്‍ ചൂണ്ടികാട്ടി സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കുകയും കോടതി അവര്‍ ആവശ്യപ്പെട്ട ഫീസുകള്‍ പ്രസിദ്ധപ്പെടുത്തുവാനും, കോടതിയോ അതോറിറ്റിയോ പുനര്‍നിര്‍ണ്ണയിക്കുന്ന ഫീസ് വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടി വരും എന്നുള്ള ഒരു സമ്മതപത്രം നല്‍കികൊണ്ട് അലോട്ട്‌മെന്റുകള്‍ നടത്തുവാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്ന ഫീസ് ഇപ്പോള്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ഫീസിന്റെ മൂന്നിരട്ടിവരെ ആണെന്നിരിക്കെ വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന രീതിയിലാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്. വളരെ ബുദ്ധിമുട്ടി പഠിച്ച് പാവപെട്ട വീടുകളില്‍ നിന്നുമൊക്കെ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോയിന്‍ ചെയ്തതിനു ശേഷം താങ്ങാനാവാത്ത ഫീസ് അവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കുന്നത് അന്യായപരമായ പ്രക്രിയയാണ്. അതുകൊണ്ടുതന്നെ ഇതില്‍ സര്‍ക്കാര്‍ കര്‍ശനമായി ഇടപെടണമെന്നും ഈ ഫീസ് കോടതിയും മറ്റും പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ന്യായമായ ഫീസ് ഫിക്‌സ് ചെയ്ത് ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റിനു മുന്‍പായി തന്നെ നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നും ഐ.എം.എ. ആവശ്യപ്പെടുന്നു. MBBS-ന്റെ ഫീസ് ന്യായമായ രീതിയില്‍ നിര്‍ണ്ണയിക്കുന്നതിനുവേണ്ടി സത്വരമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടത്. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട എല്ലാ നടപടികളും പൂര്‍ണ്ണമായി സ്വീകരിക്കാതെ കോടതിയില്‍ കേസുകള്‍ പരാജയപ്പെടുന്ന രീതിയിലുള്ള അവസ്ഥ ഉണ്ടാക്കുന്നത് സംശയകരമായ ഒരു സാഹചര്യം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വളരെ ആശങ്കാജനകമാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും കൂടുതല്‍ ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടാവും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിക്കുന്നു.