*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*
കുപ്രസിദ്ധനായ ഒരു കൊള്ളക്കാരനായിരുന്നല്ലോ, വാവർ. കൊള്ളചെയ്യുന്നത് ഒരു പുണ്യ പ്രവൃത്തിയാണെന്ന വിശ്വാസത്തിൽ കപ്പൽ മാർഗ്ഗം കോഴിക്കോട്ടെത്തി പല നഗരങ്ങളും കൊള്ളയടിക്കുകയും ചെയ്തു പോന്നു. 
അങ്ങനെ പന്തളരാജ്യത്തും വാവരെത്തി. അതിശക്തനായ വാവരെ നേരിടാനുള്ള സേനാബലമില്ലാത്തതിനാൽ ആകുലതയിലായിരുന്നെങ്കിലും;  ഒരു കൊള്ളക്കാരനെ ഭയന്നു ജീവിക്കുന്നതിനെക്കാളും മരിക്കുന്നതാണു നല്ലതെന്നു കരുതി വാവരെ നേരിടാൻ രാജാവ്  പുറപ്പെട്ടപ്പോൾ മണികണ്ഠൻ രാജസമക്ഷമെത്തി.
ഞാനിവിടുള്ളപ്പോൾ അവിടുന്ന് യുദ്ധത്തിന് പുറപ്പെടേണ്ട കാര്യമില്ല. വാവരെ നാം നേരിട്ടു കൊള്ളാമെന്നു മണികണ്ഠൻ പറഞ്ഞപ്പോൾ, ഇതു കുട്ടിക്കളിയല്ല കൊള്ളക്കാരന്റെ മുന്നിലേയ്ക്ക് മണികണ്ഠനെ അയയ്ക്കാനും നമുക്ക് കഴിയില്ലെന്നും പറഞ്ഞു കൊണ്ട് രാജൻ കുമാരനെ ഈ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, രാജ്യത്തിനെന്തെങ്കിലും ആപത്തു വരുമ്പോൾ കൈയ്യുംകെട്ടിയിരിക്കാൻ തനിയ്ക്കാവില്ല ഇതൊരു രാജകുമാരന്റെ ധർമ്മമാണെന്നും പ്രായത്തേക്കാൾ കഴിവാണു പ്രധാനമെന്നും പറഞ്ഞു കൊണ്ട് പിതാവിന്റെ അനുഗ്രഹം വാങ്ങാൻ വേണ്ടി കുമാരൻ കാത്തു നിന്നു. 
ഇനി ഒരു ശക്തിക്കും മണികണ്ഠനെ പിന്തിരിപ്പിക്കാനാവില്ലെന്നു മനസ്സിലാക്കിയ രാജശേഖര രാജാവ് മനസില്ലാ മനസോടെയാണെങ്കിലും അനുവാദം നൽകി. പുഞ്ചിരിയോടെ മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി സൈന്യസമേതം വാവരെ  നേരിടാനായി കുമാരൻ പുറപ്പെട്ടു.
യാത്രാ വേളയിൽ ദൂരത്തു നിന്നു തന്നെ വാവരുടെ കപ്പൽ കാണാനിടയായ മണികണ്ഠൻകപ്പലിന്റെ പായ്മരം എയ്തു മുറിച്ചു. കലിപൂണ്ട്  സൈന്യസമേതം മുന്നോട്ടാഞ്ഞ വാവർ സൈന്യസമേതം നിൽക്കുന്ന തേജസ്വിയായ കുമാരനെക്കണ്ട് അത്ഭുതാശങ്കകളോടെ നിന്നുപോയി. എങ്കിലും വാവരുണ്ടോ വെറുതെ വിടുന്നു. കുട്ടിക്കളിമാറാത്ത കുമാരനെ  പരാക്രമിയായ വാവരോടെതിരിടാൻ പറഞ്ഞയച്ചതാരാണെന്നു ചോദിച്ചിട്ട് പ്രായത്തെ മാനിച്ചു കൊണ്ട് കുമാരനോട് മടങ്ങി പൊയ്ക്കൊള്ളാനവശ്യപ്പെട്ടു.
വാവരുടെ ധനമോഹത്തിനിടയിലും കുട്ടികളോടുള്ള വാത്സല്യമോർത്ത് മണികണ്ഠൻ പുഞ്ചിരി തൂകി നിന്നു. 
*സ്വാമിയേ ശരണമയ്യപ്പാ…*
തുടരും….

*സുജ കോക്കാട്*