കഥകളിയും തെയ്യവുമൊക്കെ നിറങ്ങളണിഞ്ഞ ആറ് മനോഹര ചിത്രങ്ങൾ. അമേരിക്കയിൽ സിയാറ്റിലിലെ വീട്ടിലിരുന്ന് ദേവിക തന്റെ വര പൂർത്തിയാക്കുമ്പോൾ, അത് പിറന്നനാടിന് കൈത്താങ്ങാവുമെന്ന് ആരും തന്നെ വിചാരിച്ചില്ല. പക്ഷേ, ദേവിക അജിത് എന്ന മലയാളി പെൺകുട്ടി വരച്ച ഈ ചിത്രങ്ങൾ കോവിഡ് കാലത്ത് നാടിനുള്ള കരുതലും സ്നേഹവുമായി മാറിയിരിക്കുകയാണ് ഇപ്പോൾ. വാഷിങ്ടൺ സ്റ്റേറ്റിലെ നോർത്ത് ക്രീക്ക് ഹൈസ്കൂളിലെ പതിനൊന്നാംക്ലാസ് വിദ്യാർഥിനിയാണ് ദേവിക. അടച്ചിടൽ കാലത്ത് ദേവിക വരച്ച ചിത്രങ്ങളത്രയും തന്നെ കേരളത്തിന്റെ നിറവും പൈതൃകവും വിളിച്ചോതുന്ന വർണങ്ങളിലായിരുന്നു. ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങൾവഴി ലേലത്തിനുവെച്ചപ്പോൾ ലഭിച്ചത് 3.25 ലക്ഷം രൂപയാണ് . ഈ തുക അത്രയും സ്വന്തം ഗ്രാമമായ അയിലൂരിലേക്ക് കോവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനാണ് ആ മിടുക്കി കലാകാരി നീക്കിവെച്ചത്. 25 ഓക്സിമീറ്ററുകളും 12 വാഹനസാനിറ്റൈസറുകളും ആന്റിജൻ ടെസ്റ്റ് കിറ്റുകളും ഉൾപ്പെടെ മൂന്നേകാൽ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് അയിലൂർ പഞ്ചായത്തിന് കൈമാറിയതെന്ന് സിയാറ്റിലിൽ മൈക്രോസോഫ്റ്റിൽ ഉദ്യോഗസ്ഥനായ ദേവികയുടെ അച്ഛൻ അജിത് കുമാറും അമ്മ സൂനജയും പറഞ്ഞു. കുട്ടിക്കാലംമുതൽ ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ച ദേവികക്ക് എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ഹൈസ്കൂളിലെ അഡ്വാൻസ്ഡ് ആർട്ട് ക്ലാസിലേക്ക് നേരിട്ട് പ്രവേശനം നല്കിയിരുന്നു. സ്കൂൾ തലത്തിലും സംസ്ഥാനതലത്തിലും ഇതിനകം ദേവികയുടെ ചിത്രങ്ങൾ ഒട്ടേറെ പുരസ്കാരങ്ങളും നേടി. ചിത്രങ്ങൾ ലേലംചെയ്യാൻ കെയർ ആൻഡ് ഷെയർ എന്ന സന്നദ്ധസംഘടനയുടെ സഹായവും ലഭിച്ചു. പാലക്കാട് ജില്ലയിലെ അയിലൂർ സ്വദേശികളാണ് അജിത് കുമാറും സൂനജയും. അയിലൂർ തെക്കേത്തറ ചന്ദ്രാലയത്തിൽ ശിവകുമാർ നായരുടേയും പ്രഭാദേവിയുടേയും മകനാണ് അജിത് കുമാർ. പത്മാഭവനിൽ പരേതരായ ഡോ.ടി.കെ.പി.ശാസ്ത്രിയുടേയും പത്മകുമാരിയുടേയും മകളാണ് സൂനജ. ദേവിക ഒരു ചിത്രകാരി മാത്രമല്ല… നല്ലൊരു നൃത്തകി കൂടിയാണ്.7 വർഷമായി ഭാരതനാട്യം അഭിയസിച്ചു വരുകയാണ് ദേവിക. എട്ടാംക്ലാസുകാരിയായ സഹോദരി നന്ദികയും ചേച്ചിയുടെ ചിത്രകലാ താത്പര്യത്തിന് കൂട്ടായുണ്ട്. കഴിഞ്ഞ പ്രളയകാലങ്ങൾ നമ്മുക്ക്‌ കാണിച്ചു തന്ന ഏറ്റവും മനോഹരമായ കാഴ്ചയേതെന്ന് അറിയമോ?ആരും മറന്നിട്ടുണ്ടാകില്ല. അതെ അവരുടെ മുഖങ്ങൾ തന്നെ നമ്മുടെ നാട്ടിലെ പുതിയ തലമുറയുടെ മുഖം.നിവർന്ന് നോക്കാതെ തറയിൽ നോക്കി നടന്നിരുന്നവർ, കൂട്ടം കൂടി കുനിഞ്ഞിരുന്നവർ ഒറ്റ ദിവസം കൊണ്ട്‌ ഈ നാടിന്റെ കൈപിടിച്ചത്‌ നമ്മൾ കണ്ടതാണു. ദുരിതാശ്വാസ ക്യാമ്പുകളിൽ, കളക്ഷൻ സെന്ററുകളിൽ, വീടുകളിൽ, ആശുപത്രികളിൽ, റോഡുകളിൽ ഒക്കെ അവരുണ്ടായിരുന്നു.. കാശിടുന്ന കുടുക്ക പൊട്ടിച്ച്‌ കാശ്‌ നൽകിയവർ, സൈക്കിൾ വാങ്ങാൻ കൂട്ടി വെച്ച കാശെടുത്ത്‌ തന്നവർ, കളിപ്പാട്ടം വാങ്ങാനും ബുക്സ്‌ വാങ്ങാനും സ്വരൂപിച്ച ചില്ലറകൾ വാരിതന്നവർ, കൈയിൽ കിടന്ന വളയും മോതിരവും ഊരി നൽകിയവർ.. ഈ നാടിനെ ചുമലിലേറ്റാൻ പ്രാപ്തിയുണ്ടെന്ന് വിളിച്ചു പറയുന്ന ആ നിരയിലാണു ദേവികയും, ഈ കുട്ടികൾ നാളെയുടെ സ്വപ്നങ്ങൾ മാത്രമല്ല വിശ്വാസമാണു..