മോസ്കോ : ലോകത്തെ ആദ്യത്തെ ബഹിരാകാശ പേടകമാണ് സോവിയറ്റ് യൂണിയന്റെ ‘ സ്പുട്നിക് 1 ‘. ശീതയുദ്ധക്കാലത്ത് അമേരിക്കയോട് കാട്ടിയ അതേ വീറും വാശിയും തന്നെയാണ് ഇപ്പോൾ റഷ്യ കൊവിഡ് 19 വാക്സിന്റെ കണ്ടുപിടുത്തത്തിലും കാട്ടിയിരിക്കുന്നത്. ശീതയുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്പുട്നികിന്റെ പേര് തന്നെയാണ് ഇപ്പോൾ ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് നൽകിയിരിക്കുന്നതും; ‘ സ്പുട്നിക് V ‘. !അമേരിക്കയും സോവിയ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം 1950കളിൽ ബഹിരാകാശ ഗവേഷണ രംഗത്തെ പോരാട്ടമായി മാറുകയായിരുന്നു.

ഇക്കാര്യത്തിൽ അമേരിക്കയെക്കാൾ മുന്നിൽ സോവിയറ്റ് യൂണിയനായിരുന്നു. ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1, 1957 ഒക്ടോബറിലാണ് വിക്ഷേപിച്ചത്. സോവിയറ്റ് യൂണിയന്റ് സ്പുട്നിക് പേടകമാകത്തിന് 23 ഇഞ്ച് വ്യാസമാണുണ്ടായിരുന്നത്. സ്പുട്നികിന്റെ വിക്ഷേപണത്തോടെ പുതിയൊരു ബഹിരാകാശ യുഗമാണ് ആരംഭിച്ചത്. ഇരു രാജ്യങ്ങളുടെ വാശി വഴിതെളിച്ചത് മാനവരാശിയെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കാണ്.സ്പുട്നിക് 1ന് പിന്നാലെ 1957ൽ സോവിയറ്റ് യൂണിയന്റെ ‘ സ്പുട്നിക് 2 ‘ വും വിക്ഷേപിക്കപ്പെട്ടു. ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്ക എന്ന നായയുമായിരുന്നു സ്പുട്നിക് 2ന്റെ യാത്ര. അമേരിക്ക എത്തുന്നതിന് മുമ്പ് തന്നെ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത് സോവിയറ്റ് തന്നെ. 1959ൽ ചാന്ദ്ര പര്യവേഷണവുമായി ലൂണ1, ലൂണ 2 എന്നിവ കുതിച്ചുയർന്നു.

1961 ൽ ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനും ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായ വാലന്റീന തെരഷ്കോവും സോവിയറ്റ് മണ്ണിൽ നിന്നുമാണ് വിണ്ണിലേക്ക് കുതിച്ചുയർന്നത്.ഇപ്പോഴിതാ ആ കാലഘട്ടത്തെ സ്മരിപ്പിക്കുകയാണ് കൊവിഡ് വാക്സിനും. ചിരവൈരാകികളായ അമേരിക്കയെ തോൽപ്പിക്കുക എന്ന ലക്ഷ്യം റഷ്യ പൂർത്തിയാക്കിയിരിക്കുന്നു. എന്നാൽ ഇനി അറിയേണ്ടത് റഷ്യയുടെ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്നാണ്. ഡിസംബറോടെ കൊവിഡിനെതിരെ ഏറ്റവും സുരക്ഷിതമായ വാക്സിൻ തങ്ങൾ പുറത്തിറക്കുമെന്നാണ് അമേരിക്ക പറയുന്നത്.

ലോകമെമ്പാടുള്ള ആരോഗ്യ വിദഗ്ദ്ധർ ആശങ്കകൾ ഉന്നയിക്കുന്ന ഈ സാഹചര്യത്തിൽ റഷ്യൻ വാക്സിന് അതിനെയെല്ലാം അതിജീവിച്ച് കൊവിഡിൽ നിന്നും മാനവ രാശിയെ രക്ഷിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ അഞ്ച് വർഷം മുമ്പ് വികസിപ്പിച്ചെടുത്ത എബോള വാക്സിന്റെ പകർപ്പാണ് ‘ സ്പുട്നിക് V’ എന്നും സൂചനകളുണ്ട്. കൊവിഡിന് സമാനമായ മറ്റൊരു കൊറോണ വൈറസ് വഴി പടരുന്ന രോഗമായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിനെതിരെ ( മെർസ് ) വികസിപ്പിച്ച വാക്സിനുമായും സ്പുട്നികിന് സാമ്യമുണ്ട്. ഏതായാലും കാത്തിരിക്കാം, ലോകത്തെ വിറപ്പിക്കുന്ന കൊവിഡിനെ ഇല്ലാതാക്കാൻ റഷ്യയുടെ സ്പുട്നിക് നിർണായകമാകുമോ എന്ന്.

thk kerala temes