തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകുറഞ്ഞ് 39,200 രൂപയിലേയ്ക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപകുറഞ്ഞ് 39,480 രൂപയിൽനിന്ന് 39,360 രൂപയായി കുറഞ്ഞിരുന്നു. 4,900 രൂപയാണ് ഗ്രാമിന്റെ വില.

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടർച്ചയായി വിലകുറയുകയാണ്. പവന്റെ ഉയർന്ന വിലയിൽനിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിലും കുറവുണ്ടായി. മാർച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവിൽ ഔൺസിന് 1,941.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകാൻ തുടങ്ങിയതാണ് വിലയെ ബാധിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ നയരൂപീകരണ യോഗം നടക്കുന്നതിനാൽ അതിന്റെ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. ഈയാഴ്ച അവസാനമാകും തീരുമാനമുണ്ടാകുക.