കണ്ടവർ
കാണാതെ പോയ
കേട്ടവർ
കേൾക്കാതെ പോയ
കൊണ്ടവർ
കൊള്ളാതെ പോയ
ഒരാൾ
ഒരേ ഒരാൾ!

അറിയില്ല
നിഴലു പറ്റി
നിലാവു പറ്റി
വെയിലു പറ്റി
മഴ പറ്റി
അതേ
അറിയില്ല ഒരാൾ!

ഓർമ്മകൾ നക്കിത്തോർത്തി
പെറ്റ പയ്യിനെപ്പോൽ ,
വാക്കുകൾ
പെയ്തു തോർന്ന്
തൊണ്ട
ഇടറിയതു പോൽ
ആരോ
മറവിയുടെ
യന്ത്രക്കസേരയിൽ
പൊടിപിടിച്ചിരിക്കുന്നു
ഒറ്റയാൾക്കും
മനസ്സിലാകാതെ !

ഡോക്ടർ പറഞ്ഞു
നിനക്കിന്നു പോകാം .

എവിടേക്ക്?

ചോദ്യോത്തരങ്ങൾ
കുരുങ്ങിയാടുന്ന സന്ധ്യയിൽ
ആരും കേൾക്കാത്ത ഒച്ചയിൽ
ഇടർ
അകന്നുപോയ്!

എത്ര സുന്ദരം
ചിലതരം
ചിഹ്നങ്ങൾ
പതിയിരിക്കുമീ രാവ്!

ആത്മഹത്യ ചെയും മുമ്പ്
മറഞ്ഞിരുന്ന
ഒരാൾ
അയാളുടെ നോട് ബുക്കിലെ
അവസാന താളിൽ
എഴുതി വച്ചു!
നിനക്കായ് മാത്രം,
ഉടലുകൾ അല്ല
ഉയിരിൻ്റെ
പാർപ്പിടം!
…..എം.സങ്…..

കൊല്ലം ജില്ലയിലെ പടിഞ്ഞാറേകല്ലടയിൽ ജീവിക്കുന്നു. ആർക്കൊക്കെയോ (2001) , പ്രണയികളുടെ കടൽ (2012) , എപ്പൊഴും തണലായ പൂമരങ്ങൾ (2015) , നിലാക്കാലം (2018) എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. 
വിലാസം.
എം.സങ്
പുത്തൻ വിള
വിളന്തറ .പി ഒ
കൊല്ലം-6905 21
ഫോൺ: 9446227135