കോവിഡ് വാർഡിലേയ്ക്ക് 50 കട്ടിലുകൾ സംഭാവന ചെയ്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിലേയ്ക്കായി കേശവദാസപുരം പൗരസമിതി 50 കട്ടിലുകൾ വാങ്ങി നൽകി. വാർഡുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും നടപ്പാക്കി വരുന്ന നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം കേശവദാസപുരം പൗരസമിതി കട്ടിലുകൾ വാങ്ങി നൽകിയത് മാതൃകാപരമായ പ്രവർത്തനമാണെന്ന് അധികൃതർ അറിയിച്ചു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് 50 കട്ടിലുകൾ വാങ്ങിയത്. പൗരസമിതി പ്രസിഡന്റ് ഡി വിജയധരൻ, സെക്രട്ടറി സി ഗോപി, ട്രഷറർ ജി സുഭാഷിതൻ, അരുൺകുമാർ, പാർവതി രഘുനാഥൻ, എം ജി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കട്ടിലുകൾ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് കൈമാറുകയായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, ആർ എം ഒ ഡോ മോഹൻ റോയ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ആശുപത്രിയിലെ വിവിധ വാർഡുകൾ തെരഞ്ഞെടുത്ത് നവീകരിക്കുകയും അവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ തുടർ പ്രവർത്തിയെന്നോണം നടന്നു വരികയാണ്. മറ്റു രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ ആരോഗ്യ പ്രവർത്തകർക്കോ രോഗം പകരാതിരിക്കാൻ വേണ്ട സംവിധാനങ്ങളോടെയാണ് വാർഡുകൾ ക്രമീകരിക്കുന്നത്. രോഗികൾ വർധിക്കുന്നതിനനുസരിച്ച് കിടക്കകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നുണ്ട്. അതിനൊപ്പമാണ് 50 കട്ടിലുകൾ കൂടി ലഭ്യമായത്.
ചിത്രം: കേശവദാസപുരം പൗരസമിതി ഭാരവാഹികളും
മെഡിക്കൽ കോളേജ് അധികൃതരും കട്ടിലുകൾ കൈമാറുന്ന ചടങ്ങിൽ