മരിച്ചവളുടെ മുഖപുസ്തകത്തിലേക്കൊരു  യാത്രയ്ക്കൊരുങ്ങും മൻപ്.. 
ജീവിച്ചിരിക്കുന്നവളുടെ മുഖപുസ്‌തകത്തിലേയ്ക്കൊന്നു കണ്ണോടിച്ചിട്ടുണ്ടോ… 
ഒരിക്കലെങ്കിലും.. ?

എങ്കിൽ ഞാൻ കണ്ടു
 മരിച്ചു ജീവിക്കുന്ന 
ഒരുവളുടെ മുഖപുസ്തകം.
മുഖം നഷ്ടപ്പെട്ടവളുടെ നെഞ്ചിനുള്ളിൽ. 
നോവിന്റെ ആർത്തിരമ്പുന്ന തിരമാലകൾ. 
അതെന്റെ കണംകാൽ മുതൽ
മിഴിയിണ വരെ നനവ് പടർത്തി. 

നിറയെ പൂത്ത പൊൻചെമ്പകത്തിൽ 
നിന്നൊരു പൂവ് ചൂടാൻ കൊതിച്ചെങ്കിലും 
ഒരു തുളസിക്കതിർ പോലും
ചൂടാൻ മറന്നു പോയവൾ. 

വാചാലമായ മൗനങ്ങൾ
മിഴിയിലൊളിപ്പിച്ചു 
നോവിന്റെ കടലാഴങ്ങളിലേയ്ക്ക്
ഊളിയിട്ടവൾ.. 

എനിക്കവൾ ഷേക്സ്പിയറിന്റെ
ഏതോ ഒരു ദുരന്ത കഥയിലെ
നായികയെപ്പോലെ തോന്നി. 

നിലാവിൽ പലപ്പോഴും
അവളിൽ കവിത പിറക്കുന്നത്
ഞാൻ കണ്ടിരുന്നു… 
പുലരും മുൻപ് തന്നെ
അവ ചവറ്റു കുട്ടയിലേയ്ക്ക്
ചുരുട്ടി എറിയപ്പെട്ടു..
 
നിസ്സഹായതയുടെ തേങ്ങലുകൾ
ഇരുട്ടിന്റെ മറവിൽ
അവൾ കുഴിച്ചു മൂടിയപ്പോൾ
നേരം പാതിരാ കഴിഞ്ഞിരുന്നു 

അവളെന്നോട് സംസാരിച്ചു, 
എന്നോ നഷ്ടപെട്ട
മാതൃവാത്സല്യത്തെ കുറിച്ചു, 
വിരഹത്തിന്റെ കയ്പ്പ്  നുകർന്ന 
പ്രണയത്തെ കുറിച്ച്, 
വാതോരാതെ തന്നെ.

ഇടയ്ക്കിടെ അവൾ നിശബ്ദയാകും 
പഴയതൊക്കെ ഓർത്തെടുക്കാൻ 
ഒരു ഇടവേള
ആവശ്യമായത് പോലെ.. 

ബാല്യത്തിലെ
ഉറങ്ങാത്ത രാത്രികൾക്കു 
അവൾ നൽകിയ നിർവചനം
എന്നെ ഞെട്ടിച്ചു.. 

ഉറക്കത്തിൽ വരിഞ്ഞു മുറുക്കുന്ന
കൈകളിൽ നിന്ന് കുതറിയോടാൻ 
അവൾ രാത്രിയെ പകലാക്കിയെന്ന
സത്യം കേട്ടു ഞാനും ഞെട്ടി.. 

ഏറെ നേരം അവൾ
കഥ തുടർന്നു കൊണ്ടേയിരുന്നു…. 

അവൾക്കു
മടുപ്പു തോന്നിയില്ലെങ്കിലും
കേട്ടിരുന്ന എന്നിൽ
അസഹ്യമായ ഒരുതരം മടുപ്പു
തലപൊക്കി തുടങ്ങി…

അവൾ
കഥ തുടർന്നു കൊണ്ടേയിരുന്നു.. 
ഞാൻ
ഉറക്കത്തിലേയ്ക്കും പോയി.. 

പിറ്റേന്ന് ഉണർന്ന എന്നെ
സ്വാഗതം ചെയ്തത് 
ജീവിച്ചിരുന്നവളുടെ
മുഖപുസ്തകം ആയിരുന്നില്ല… 
അത് അപ്പോഴേയ്ക്കും
മരിച്ചവളുടെ മുഖപുസ്തകം
ആയിക്കഴിഞ്ഞു… 
   പുറംചട്ടയോ
നല്ലൊരു ശീർഷകമോ ഇല്ലാത്ത
അനാഥമായൊരു പുസ്തകം… 
…മായ അനിൽ…

തിരുവനന്തപുരം ജില്ലയിൽ വർക്കല സ്വദേശം. വർക്കലയിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ അദ്ധ്യാപികയായാണു. സാമൂഹിക മാധ്യമങ്ങളിൽ കഥകളും കവിതകളും പ്രസിദ്ധീകരിക്കാറുണ്ട്‌. ബന്യാമിന്റെ സമാഹരണത്തിൽ ഡിസി ബുക്സ്‌ പ്രസിദ്ധീകരിച്ച “എന്ന് സ്വന്തം” എന്ന കത്തുകളുടെ സമാഹരത്തിൽ മായയുടെ കത്തും ഇടം പിടിച്ചിട്ടുണ്ട്‌.ഭർത്താവ്‌ : അനിൽമക്കൾ : അലോക്‌, ആഗ്നേയ