മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോലെ മൻഷേനാവാണ്ട്
മണ്ണറിവിലുറയ്ക്കട കുഞ്ഞാ,
വിണ്ണറിവിലുദിക്കട കുഞ്ഞാ,
മൻഷേനാവാണ്ട്
ഇപ്പോലെ മൻഷേനാവാണ്ട് …

കാട്ടുചോലത്തണുപ്പും,
കാട്ടുതേനിനിനിപ്പും,
കന്നിമഴക്കുളിരും,
വെള്ളിവെയിൽപ്പൊളപ്പും,
കോടമഞ്ഞും, മേടക്കാറ്റും,
നീലനീലപ്പൂമണവും,
നെഞ്ഞറിവിലെടുക്കട കുഞ്ഞാ,
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്..

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്…

കാളയൊരു നല്ല മൃഗം,
പൂണൂലില്ല, തൊപ്പിയില്ല,
ഞാത്തിയിടാൻ കൊന്തയില്ല,
എന്റെ നിന്റെ ദൈവമില്ല,
ചത്തു കിട്ടും മോക്ഷം കാത്ത്
പാർത്തിരുന്നു കൊല്ലലില്ല,
ചോര വീഴ്ത്തി ചിരിയില്ല,
ചുട്ടെരിച്ച് മരിക്കലില്ല,
കാളയൊരു നല്ല മൃഗം!

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്..

കുതിരയൊരു നല്ല മൃഗം,
കയ്യിൽ വാളും കൊടിയുമില്ല,
ഭാഷ നൂറ് ചൊല്ലലില്ല,
കൊലവിളിയും തെറിയുമില്ല,
തെരു തേടിപ്പോകലില്ല,
ഹർത്താലില്ല , ബന്ദുമില്ല,
പെൺകരച്ചിൽ വീഴ്ത്തലില്ല,
മണ്ണെരിച്ച്, മരമെരിച്ച്,
വീടു വച്ച് നശിക്കലില്ല,
കുതിരയൊരു നല്ല മൃഗം!

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്..

കഴുതയൊരു നല്ല മൃഗം,
കള്ളനോട്ടും ചതിയുമില്ല,
കള്ളുഷാപ്പിൽ പൊറുതിയില്ല,
ചന്ത തോറും പെൺശരീരം
വിൽപനക്ക് വക്കലില്ല,
നാട്ടിലാകെ ചോരകൊണ്ട്
കളമെഴുതി രസിക്കലില്ല,
കഴുതയൊരു നല്ല മൃഗം!

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്…

നായയൊരു നല്ല മൃഗം,
നന്ദികേട് കാട്ടലില്ല,
ചിരിതെളിച്ച് ചതിക്കലില്ല,
സി സി വണ്ടി വാങ്ങലില്ല,
ലോണെടുത്ത് വിയർക്കലില്ല,
ജപ്തികണ്ടു തൂങ്ങലില്ല,
നാടുതോറും തെണ്ടലില്ല,
നാണം കെട്ടു വാഴലില്ല,
നായയൊരു നല്ല മൃഗം!

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്…

പോത്തുമൊരു നല്ല മൃഗം,
ഓഹരിച്ചൂതാട്ടമില്ല,
റിയൽഎസ്റ്റേറ്റ് ബിസ്നസില്ല,
ബ്ലേഡ് വെട്ടി പലിശയില്ല,
വ്യാജ മെഡിക്കൽകോളേജില്ല,
ദൈവവേഷം കെട്ടലില്ല,
മന്ത്രവാദത്തട്ടിപ്പില്ല ,
തീവ്രവാദബന്ധമില്ല,
പോത്തുമൊരു നല്ല മൃഗം!

മൃഗം പോലാവട കുഞ്ഞാ
മൻഷേനാവാണ്ട്
ഇപ്പോല മൻഷേനാവാണ്ട്…
…ഇഞ്ചക്കാട് ബാലചന്ദ്രൻ..