തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് കേസ് പ്രതികളായ മുഹമ്മദ് അൻവർ, ഷെമീം, ജിഫ്‌സൽ എന്നിവർക്കാണ് ജാമ്യം നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലെ ഒൻപത്, പതിമൂന്ന്, പതിന്നാലാം പ്രതികളാണിവർ. ഉപാധികളോടെയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.

ഇന്നലെ കേസിലെ മുഖ്യപ്രതി കെ.ടി റമീസിന് ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എറണാകുളം എക്കണോമിക്‌സ് ഒഫൻസ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. കേസിൽ പ്രധാന വാദം പൂർത്തിയായെന്നും റമീസിന് ജാമ്യം ലഭിക്കുന്നത് കേസിനെ ബാധിക്കില്ലെന്നുമാണ് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞത്.

കേസുമായി ബന്ധപ്പെട്ട് റമീസിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജാമ്യം കിട്ടിയാലും എൻഐഎ കേസിലും പ്രതിയായ റമീസിന് ജയിൽ മോചിതനാകാൻ സാധിക്കില്ല. നിലവിൽ വിയ്യൂർ ജയിലിലാണ് റമീസിനെ പാർപ്പിച്ചിരിക്കുന്നത്.