ന്യൂജേഴ്‌സി: തുടർച്ചയായി ഭരണഘടന വിരുദ്ധ പ്രവർത്തനം നടത്തിവരുന്ന ഫൊക്കാന മുൻ പ്രസിഡണ്ട് മാധവൻ ബി.നായരെ ഫൊക്കാനയിൽ നിന്ന് 5 വർഷത്തേക്ക് പുറത്താക്കി. സെപ്റ്റംബർ 27 നു ഞായറാഴ്‌ച സൂം (Zoom) മീറ്റിംഗിലൂടെ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് മാധവൻ നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.ഞായറാഴ്ച്ച നടന്ന ജനറൽ കൗൺസിൽ മീറ്റിംഗിൽ നാലു പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിൽ നാലാമതായി ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിലാണ് മാധവൻ നായരെ പുറത്താക്കാൻ തീരുമാനിച്ചത്. ഫൊക്കാന മുൻ പ്രസിഡണ്ടും ഫൗണ്ടേഷൻ ചെയർമാനുമായ ജോൺ പി. ജോൺ പ്രമേയത്തെ പിന്തുണച്ചു.തുടർന്ന് സൂം മീറ്റിംഗിലൂടെ തന്നെ നടന്ന ജനറൽ കൗൺസിലിൽ ഓൺലൈൻ വോട്ടെടുപ്പിൽ പങ്കെടുത്ത 96 ശതമാനം പേരും മാധവനെ പുറത്താക്കാനുള്ള പ്രമേയത്തെ പിന്തുണച്ചു വോട്ടു ചെയ്തു. ഇതോടെ ഫൊക്കാനയിൽ അദ്ദേഹം വഹിച്ചിരുന്ന എല്ലാ പദവികളിൽ നിന്നും ഒഴിവാക്കപ്പെടും. തുടർച്ചയായി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്ന മാധവൻ നായർക്കെതിരെ വന്ന പ്രമേയത്തിനു ലഭിച്ച സ്വീകരണം ഏറെ ശ്രദ്ധേയമായി മാറി.

ഫൊക്കാനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡണ്ടിനെ പുറത്താക്കാൻ സംഘടനയുടെ പരമാധികാര സമിതിയായ ജനറൽ കൗൺസിൽ തീരുമാനമെടുത്തത്. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക LLC എന്ന പേരിൽ സ്വാർത്ഥ താൽപ്പര്യത്തിനായി ഫൊക്കാനയെ സ്വകാര്യ കമ്പനിയായി രെജിസ്റ്റർ ചെയ്ത മാധവൻ നായർ ഫൊക്കാനയുടെ ഭരണഘടനയുടെ നഗ്‌നമായ ലംഘനം നടത്തിയെന്ന് ആരോപിച്ച് നേരത്തെ മാധവൻ നായരേ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു. ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന Inc) എന്ന പേരിൽ മെരിലാൻഡിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള നോൺ പ്രോഫിറ്റബിൾ ഓര്ഗനൈസേഷൻ ആയ ഫൊക്കാനയുടെ പേരിൽ മാധവൻ നായർ സ്വകാര്യ കമ്പനി രജിസ്റ്റർ ചെയ്തത്.

മാധവൻ നായർക്കെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ തന്നെ അദ്ദേഹം തുടർച്ചയായി നിരവധി ഭരണഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി പ്രമേയത്തിൽ അക്കമിട്ട് നിരത്തുന്നു. പ്രമേയത്തിലെ ആരോപണങ്ങൾ:

  1. ഫൊക്കാനയുടെ 2020-2022 വർഷത്തെ ഭരണ സമിതിയെ സുതാര്യവും സ്വാതന്ത്രവുമായി തെരഞ്ഞെടുക്കാൻ ഭരണഘടനപരമായി നിയമിക്കപ്പെട്ട തെരെഞ്ഞെടുപ്പുകമ്മിറ്റിയുടെ അധികാരത്തിൽ കൈ കടത്തി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയെന്നും പ്രമേയത്തിൽ ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കമ്മിറ്റി അംഗംങ്ങൾക്കിടയിലും അഗസംഘടന പ്രസിഡണ്ടുമാർക്കിടയിലും തെറ്റിദ്ധാരണജനമായ വാർത്തകൾ പരത്തിക്കോണ്ട് അദ്ദേഹം നടത്തിയ സന്ദേശങ്ങൾക്ക് അയോഗ്യത കൽപ്പിക്കുന്നതായും പ്രമേയത്തിൽ പറയുന്നു.
  2. ഫൊക്കാനയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്ന് ഫൊക്കാന തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ് അകാരണമായി പേജ് നീക്കം ചെയ്തുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ വെബ്‌ പേജ് അടിയന്തരമായി പുനർ സ്ഥാപിക്കണമെന്ന ട്രസ്റ്റി ബോർഡിന്റ്‌റെ അഭ്യർത്ഥന നിരാകരിക്കുകയും ചെയ്തു.
  3. അധികാര പരിധി മറികടന്നുകൊണ്ട് ഫൊക്കാനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി ഏതാനും ബോർഡ് മെമ്പർമാരെയും നാഷണൽ കമ്മിറ്റി അംഗംങ്ങളെയും പ്രസിഡണ്ട് ആയിരുന്ന മാധവൻ ബി. നായർ സസ്‌പെൻഡ് ചെയ്തു.

4.ഫൊക്കാനയുടെ അന്തസിന് കളങ്കം വരുത്തുന്ന വിധം ഫൊക്കാനയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പുക്കുകയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

  1. ഫൊക്കാനയെ സ്വകാര്യ കമ്പനിയാക്കിക്കൊണ്ട് ഫൊക്കാനയുടെ പേരിൽ ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന പേരിൽ ഫോർ പ്രോഫിറ്റ് ആയ ഒരു സമാന്തര സംഘടന (LLC) ന്യൂജേഴ്‌സി സ്റ്റേറ്റിൽ രെജിസ്റ്റർ ചെയ്തു.

6 മാധവൻ നായർ പ്രസിഡണ്ടായിരുന്ന കമ്മിറ്റിയുടെ രണ്ടു വർഷത്തെ ഭരണ കാലാവധിക്കു ശേഷം ഫൊക്കാനയുടെ 2020 -2022 ഭരണസമിതിയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടിനും ഭരണസമിതിക്കും അധികാരം കൈമാറാൻ വിസമ്മതിക്കുകയും തുടർന്നും താൻ തന്നെയാണ് പ്രസിഡണ്ട് എന്ന് അവകാശപ്പെട്ടു കൊണ്ട് കുപ്രചരണം നടത്തുകയും ചെയ്തു.

ഇതാണ് മാധവനെതിരായുള്ള പ്രമേയത്തിൽ സൂചിപ്പിക്കുന്നത്. ഭരണഘടന വിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മാധവൻ നായർക്ക് ആവശ്യത്തിലധികം സമയം നൽകിയിട്ടും തുടർച്ചയായി ഭരണഘടന ലംഘനവും സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയായിരുന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. തെറ്റ് തിരുത്തുവാനും വിശദീകരണം നൽകുവാനും നൽകിയ അവസരങ്ങൾ പാഴാക്കുകയും ചെയ്ത മാധവൻ നായർ ഒരിക്കൽ പോലും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്കാൻ തയാറാത്തതുകൊണ്ടുമാണ് അദ്ദേഹത്തെ സംഘടനയിൽ നിന്നു പുറത്താക്കുന്നതെന്നും ബെൻ പോൾ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.

ഫൊക്കാന പ്രസിഡണ്ട് എന്ന നിലയിൽ കാലാവധി അവസാനിച്ച ശേഷം ജൂലൈ 21 നാണ് ന്യൂജേഴ്‌സി ഡിപ്പാർട്മെൻറ് ഓഫ് ദി ട്രഷറി ഡിവിഷൻ ഓഫ് റെവന്യു ആൻഡ് എന്റർപ്രൈസ് സർവീസസിൽ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് വച്ച് ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന LLC) എന്ന പേരിൽ തന്നെ രെജിസ്റ്റർ ചെയ്തത്. തികച്ചും സ്വകാര്യ ബിസിനസ് ആവശ്യമായ കലാ-വിനോദ പരിപാടികൾ (Entertainment) നടത്താൻ വേണ്ടിയാണ് കമ്പനി രെജിസ്റ്റർ ചെയ്തിട്ടുള്ളതെന്നു രേഖകൾ സൂചിപ്പിക്കുന്നു.ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളല്ലാത്തവരും തനിക്കു വ്യക്തിപരമായി അടുപ്പമുള്ള ചില വ്യക്തികളെയും ഇതിൽ അംഗങ്ങളാക്കിയിട്ടുണ്ട്. ഇതിൽ ഒരാൾ അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലുള്ള ഓഫീസ് ജീവനക്കാരനുമാണ്.അദ്ദേഹത്തിന്റെ ന്യൂജേഴ്സിയിലെ ഓഫീസിന്റെ അഡ്രസ് ആണ് ഫൊക്കാനയുടെ പേരിൽ ആരംഭിച്ച കമ്പനിയുടെ അഡ്രസ്.

ആറ് ഡയറക്ടർമാരിൽ മാധവൻ ഉൾപ്പെടെ മൂന്ന് പേർ ന്യൂജേഴ്‌സിയിൽ നിന്നുള്ളവരും മറ്റു മൂന്ന് പേർ ടെക്സസിൽ നിന്നുള്ള ഫൊക്കാനയുടെ നേതാക്കന്മാരുമാണ്. എന്നാൽ ടെക്‌സാസിൽ ഉൾപ്പെടെയുള്ള എല്ലാവരുടെയും അഡ്രസ് മാധവൻ നായരുടെ ന്യൂജേഴ്സിയിലെ കോളോണിയ സിറ്റിയിലെ സെയിന്റ് ജോർജ് അവന്യുവിലുള്ള അദ്ദേഹത്തിന്റെ സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ അഡ്രസ് ആണ് നൽകിയിട്ടുള്ളത്. ഏറെ വിവാദപരമായ ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 31 നു നടന്ന ഫൊക്കാന ട്രസ്റ്റി ബോർഡ് യോഗമാണ് മാധവൻ നായരേ അന്വേഷണ വിധേയമായിസസ്‌പെൻഡ് ചെയ്തത്. എന്നാൽ തുടർന്നും സംഘടനാവിരുദ്ധ പ്രവർത്തങ്ങളിൽ വ്യാപൃതനായിരുന്ന മാധവൻ ഫൊക്കാനയുടെ യശഃസ് ഇകഴ്ത്തും വിധം സംഘടന വിരുദ്ധമായി പത്രപ്രസ്താവനകൾ നടത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധരണജനകമായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു.തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ പുതിയ പ്രസിഡണ്ടിനെയും കമ്മിറ്റിയെയും അംഗീകരിക്കാതെ താനാണ് ഇപ്പോഴും പ്രസിഡണ്ട് എന്ന ആവകാശവാദവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്നും മാധവനെതിരെ ജനറൽ കൗൺസിലിൽ ആരോപണമുയർന്നു.