പള്ളിക്കൽ : ഒരാഴ്ചയിലേറെയായി പ്രദേശ വാസികളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ കരടി കൂട്ടിലായി. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി നാവായിക്കുളം കുടവൂർ മടന്തപച്ച, പുല്ലൂർമുക്ക്, പള്ളിക്കൽ, കക്കോട്, പുന്നോട്, മരുതികുന്ന് എന്നീ സ്ഥലങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ അറിയച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തുകയും, അവിടെ കണ്ടെത്തിയ കാൽപ്പാടുകൾ കരടിയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ ഒരു റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന തേൻ കൂടുകൾ കരടി തകർത്തിരുന്നു.തുടർന്നാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഇവിടെ കെണിയൊരുക്കിയത്. നാട്ടുകാരും, പോലീസും, പഞ്ചായത്തും, വനവകുപ്പ് ജീവനക്കാരുമെല്ലാം കരടിയെ കെണിയിലാക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു. ഇന്ന് പുലർച്ചയോടെ പള്ളിക്കൽ -കാട്ടുപുതുശ്ശേരി റോഡിൽ പലവക്കോട്, കെട്ടിടം മുക്കിൽ ആണ് കരടി കൂട്ടിനുള്ളിലായത്. കരടിയെ പിടികൂടിയതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ.