തിരുവനന്തപുരം: തനിക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയെന്ന യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രമേശ് ചെന്നിത്തല. താൻ ഇന്നുവരെ ആരിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ല. കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ആരോപണത്തി​നെതി​രെ നി​യമനടപടി​ സ്വീകരി​ക്കുമെന്നും വ്യക്തമാക്കി​.’ ആരും തനിക്ക് ഫോൺ തന്നിട്ടില്ല. സന്തോഷ് ഈപ്പനെ കണ്ടിട്ട് പോലുമില്ല. തനിക്ക് എന്ന പേരിൽ ഫോൺ വാങ്ങി മറ്റാർക്കെങ്കിലും കൊടുത്തതാകാം.

എനിക്കെതിരെ ചീപ്പായ പ്രചാരണങ്ങളാണ് നടക്കുന്നത്.സന്തോഷ് ഈപ്പന്റെ വെളിപെടുത്തലിൽ ഗൂഢാലോചന ഉണ്ടോയെന്ന് അറിയില്ല. കോൺസുലേറ്റി​ലെ ചടങ്ങിൽ നറുക്കെടുപ്പിലെ വിജയികൾക്ക് മൊബൈൽ ഫോൺ അവരുടെ അഭ്യർത്ഥനപ്രകാരം സമ്മാനമായി​ നൽകുക മാത്രമാണ് ചെയ്തത്. സി പി എം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നു. തളരില്ല, പോരാട്ടം തുടരും.’ -അദ്ദേഹം പറഞ്ഞു.യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ വിവരം വെളിപ്പെടുത്തിയത്. സ്വപ്‍ന ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്നുമാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കൊച്ചിയിൽ നിന്ന് ഫോൺ വാങ്ങിയതിന്റെ ബില്ലും കോടതിക്ക് കൈമാറിയിട്ടുണ്ട്.