അയർലൻഡിലെ ബാലെന്റിറുള്ള സ്വവസതിയിലാണ് ബെംഗളൂരുവിൽ നിന്നുള്ള സീമാ ബാനു (37), മകൾ അസ്ഫിറ റിസ (11), മകൻ ഫൈസാൻ സയീദ് (6) എന്നിവരെ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ കൊല്ലപ്പെട്ടതാണെന്നു സംശയമുണ്ടെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ വ്യക്തത വരൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഗാർഡയുടെ നിലപാട്. ദുരൂഹം’ എന്ന വിഭാഗത്തിലാണു മൂന്നു പേരുടെയും മരണത്തെ പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. സീമയ്ക്കു ഭർത്താവിൽനിന്നു ക്രൂരമായ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപു നടന്ന മരണം ഇക്കഴിഞ്ഞ ബുധനാഴ്ചയാണു ഗാർഡ അറിയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.

ബാലിന്റീർ എഡ്യൂക്കേഷൻ ടുഗെതർ നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഫൈസാനും അസ്ഫിറയും.

ഏതാനും ദിവസമായി വീട്ടുകാരുടെ ശബ്ദമൊന്നും കേൾക്കാതിരുന്ന അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളുടെയും സീമയുടെയും മൃതദേഹങ്ങൾ വെവ്വേറെ മുറികളിലാണു കിടന്നിരുന്നത്. ഭർത്താവാണോ മറ്റാരെങ്കിലുമാണോ മരണത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.