ലോസ്ആഞ്ചലസ് : ലോകത്ത് ഇതുവരെ 4.5 കോടിയിലധികം പേർക്കാണ് കൊവിഡ് 19 മഹാമാരി ബാധിച്ചത്. 11 ലക്ഷത്തിലേറെ പേർ മരിച്ചു. ലോക ജനസംഖ്യയിലെ 60 – 70 ശതമാനം പേർക്കെങ്കിലും വാക്സിനേഷൻ നടത്തിയാൽ മാത്രമേ ഈ രോഗത്തെ ലോകത്ത് നിന്നും തുടച്ചുനീക്കാനാകൂ. അതിനായി ഒരു വാക്സിൻ കണ്ടെത്താനുള്ള കഠിനപരിശ്രമത്തിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. പക്ഷേ, സാധാരണക്കാർക്ക് മുന്നിൽ ഒരു ചോദ്യമുണ്ട്. കൊവിഡ് വാക്സിന് വില എത്രയാകും ? തങ്ങൾക്ക് അത് താങ്ങാൻ കഴിയുമോ.

ദരിദ്ര രാജ്യങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണിത്.കൊവിഡ് വാക്സിനുകളുടെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നാൽ 450 രൂപ മുതൽ 5,500 രൂപ വരെ വില ഡബിൾ ഡോസ് കൊവിഡ് വാക്സിന് ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ. അമേരിക്കൻ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്സിനായ എംആർഎൻഎ – 1273 ന്റെ ഒറ്റ ഡോസിന് 32 ഡോളറിനും 37 ഡോളറിനും ( 2,738 രൂപ ) ഇടയിലാകും വില.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ അടിയന്തിര ഉപയോഗത്തിനായുള്ള വാക്സിന്റെ വിലയിൽ ഇളവുകൾ ഉണ്ടാകും. എന്നാൽ പുറത്തിറങ്ങി ഒന്നര വർഷങ്ങൾക്ക് ശേഷം വാക്സിനുകളുടെ വില മാർക്കറ്റുകളാകും തീരുമാനിക്കുക. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നിർമിക്കുന്ന ആസ്ട്രാസെനക വാക്സിന്റെ രണ്ട് ഡോസുകൾക്ക് ഏകദേശം 700 മുതൽ 2,000 രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.

170 ഓളം വാക്സിനുകളുടെ പരീക്ഷണങ്ങളാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 50 എണ്ണം മനുഷ്യരിൽ ക്ലിനിക്കൽ ട്രയലുകൾ നടത്തുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 10 വാക്സിനുകളാണ് അവസാനഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. ട്രയലുകൾ പൂർത്തിയാകുന്നതിനു മുമ്പ് തന്നെ യു.എസ്, യു.കെ, കാനഡ തുടങ്ങിയ സമ്പന്നരാജ്യങ്ങൾ കോടികൾ മുടക്കി ഡോസുകൾ ഓർഡർ ചെയ്ത് കഴിഞ്ഞു.പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഫൈസർ – ബയോൺടെക് അമേരിക്കയിൽ രണ്ട് ഡോസിന് 39 ഡോളർ വച്ച് 1.95 ബില്യൺ ഡോളർ തുകയ്ക്ക് 100 ദശലക്ഷം ഡോസുകളാണ് നൽകാൻ പോകുന്നത്. ഫൈസർ, ആസ്ട്രാസെനക, വാൽനേവ, ജി.എസ്.കെ / സനോഫി തുടങ്ങിയ കമ്പനികളുമായാണ് യു.കെ കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. രാജ്യങ്ങളും വാക്സിൻ കമ്പനികളും തമ്മിലുണ്ടാക്കിയ അഡ്വാൻസ് എഗ്രിമെന്റുകളുടെ അടിസ്ഥാനത്തിലാണ് ഓരോ ഡോസുകളുടെയും ഏകദേശ വില നിർണയിക്കപ്പെട്ടിരിക്കുന്നത്.ഓക്സ്ഫഡ് – ആസ്ട്രാസെനക വാക്സിന് ഏതാനും യൂറോപ്യൻ രാജ്യങ്ങളിൽ രണ്ട് ഡോസിന് 6 മുതൽ 8 ഡോളർ മാത്രമാണ് വില കണക്കാക്കുന്നത്. ജോൺസൺ ആൻഡ് ജോൺസൺ, സനോഫി, ജി.എസ്.കെ വാക്സിനുകളുടെ രണ്ട് ഡോസിന് 20 ഡോളർ വരെയാണ് യൂറോപ്പിൽ നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം, ചൈനയിൽ സിനൊവാക് കമ്പനിയുടെ വാക്സിൻ അടിയന്തിര ഉപയോഗത്തിനായി 60 ഡോളർ നിരക്കിൽ നൽകിത്തുടങ്ങി കഴിഞ്ഞു.അതേ സമയം, സാധാരണക്കാരുടെ കൈകളിൽ വാക്സിൻ എത്താൻ ലോകാരോഗ്യ സംഘടന, ബിൽ ഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങിയവയും വാക്സിൻ കമ്പനികളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും പങ്കാളികളും ചേർന്ന് രൂപീകരിച്ച ‘കൊവിഡ് 19 വാക്സിൻ ഗ്ലോബൽ ആക്സസ് ഫെസിലിറ്റി’ അഥവാ ‘ കൊവാക്സ് ‘ പദ്ധതിയിൽ 180 രാജ്യങ്ങൾ കൈകോർത്തിട്ടുണ്ട്. നിലവിൽ 9 വാക്സിനുകളാണ് കൊവാക്സ് പദ്ധതിയുമായി സഹകരിക്കുന്നത്.

thax k Times