നവംബർ 1, കേരളം പിറവി കൊണ്ട ദിവസം. കേരവൃക്ഷങ്ങളുടെ നാടിന് അതിരുകളുണ്ടായിട്ട് ഇത് അറുപത്തിനാലാം ആണ്ട്. മഹാസമുദ്രങ്ങൾ കാൽക്കീഴിലുണ്ടായിട്ടും അവയ്ക്കും കേരളനാടിന് അതിര് നിർണ്ണയിക്കാൻ സാധിച്ചിട്ടില്ലെന്നത് കവിവാക്യം.

പരശുരാമൻ മഴുവെറിഞ്ഞതും മാവേലി നാടു വാണതുമൊക്കെ ഐതീഹ്യമാകുമ്പോൾ ചേരന്മാരുടെ ചേരളം കേരളമായത് തൊട്ടറിഞ്ഞ യാഥാർത്ഥ്യം. കറുത്തപൊന്ന്‌ തേടി കടൽകടന്ന് വന്ന അറബികളും ആതിഥ്യമരുളിയവരുടെ ചങ്ക് പറിച്ച് പറങ്കിപ്പട കൊണ്ടുപോയതും മറക്കാനാകാത്ത ഓർമ്മകൾ.

ചരിത്രത്തിൽ രേഖപ്പെടുത്തിയ രാജവാഴ്ചയും പിന്നാലെയുണ്ടായ ബ്രിട്ടീഷ്‌വാഴ്ചയും. തുടർന്നുണ്ടായ സ്വാതന്ത്ര്യസമരത്തിന്റെ അഗ്നിയിൽ ബാലികഴിക്കപ്പെട്ട ജീവനുകൾ അനേകം.

സൂര്യനസ്തമിക്കാത്ത നാടിന്റെ അവകാശികളെ പടികടത്തി പിണ്ഡം വച്ചപ്പോൾ ഒരുമിച്ച് നിൽക്കാനുള്ള മോഹമുരുവായി.

ആ മോഹത്തിന് വളക്കൂറേകി മുന്നിൽ നിന്ന് പട നയിച്ചു ഐക്യകേരള പ്രസ്ഥാനം. ഒടുവിലത് സംഭവിച്ചു. 1956 നവംബർ ഒന്നിന് കേരളം പിറവി കൊണ്ടു. ഈ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഭരണം ഏറ്റെടുത്തത് ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ജനാധിപത്യ സർക്കാർ.

പുതിയ പാർട്ടികളും പാർട്ടികൾ ചേർന്നുള്ള മുന്നണികളും വരവായത് പിന്നീടുള്ള കാഴ്ച. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഓരോ അഞ്ചു വർഷം കഴിയുമ്പോഴും മാറി മാറി ഭരിച്ചു.

പശ്ചിമഘട്ടത്തിനപ്പുറത്തേക്ക് നാട് വളർന്നു. ഭാരതമെന്ന അതിരും ഭേദിച്ച് മലയാളി ലോകമലയാളി ആയി. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും ഒരു മലയാളിയെയെങ്കിലും കാണാനാകും എന്നത് നിഷേധിക്കപ്പെടാത്ത സത്യം. വിദ്യാഭ്യാസത്തിന്റെയും ആതുരശുശ്രൂഷയുടെയും രംഗത്ത് അതുല്യ നേട്ടങ്ങൾ കൈവരിച്ച് കേരളം തലയുയർത്തി നിൽക്കുന്നു.

ഓഖി എന്ന വിനാശകാറ്റ്, രണ്ട് പ്രളയങ്ങൾ, നിപ്പ തുടങ്ങിയ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത കേരളം കൊറോണ എന്ന ഭീകരവൈറസിനെയും ചെറുത്തു നിറുത്തുന്നതിൽ ഒരു പരിധി വരെ വിജയം കൈവരിച്ചു. എന്തിനെയും നമ്മൾ അതിജീവിക്കും എന്ന ജനങ്ങളുടെ വിശ്വാസമാണ് കേരളത്തിന്റെ കരുത്ത്.

വിജയഗാഥകൾ രചിച്ച് ഇനിയും ഉയരങ്ങളിലേക്ക്  കുതിക്കാൻ കേരളത്തിന് കഴിയട്ടെ എന്ന പ്രതീക്ഷയോടെ സ്കോട്ടിഷ് മലയാളിയുടെ കേരളപ്പിറവിദിനാശംസകൾ.