കേരളത്തിലെ ബിപിഎൽ കുടുംബങ്ങളിലും ഗവ. ഓഫിസുകളിലും ആശുപത്രികളിലും സ്കൂളുകളിലും മറ്റും സർക്കാർ വക ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കാനുള്ള കെ ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്ന് കെഎസ്ഇബി അറിയിച്ചു. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്ത് എല്ലാവർക്കും അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കെഎസ്ഇബി സോഷ്യൽമീഡിയ വഴി അറിയിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ്, കേബിള്‍ ടിവി തുടങ്ങി സർവീസുകളാണ് കെ ഫോൺ കൊണ്ട് ലക്ഷ്യമിടുന്നത്.

കെ ഫോൺ (കേരള ഫൈബർ ഓപ്റ്റിക് നെറ്റ്‌വർക്ക്) പദ്ധതിയുടെ അടങ്കൽ തുക 1028.2 കോടിയുടേതാണ്. കിഫ്ബിയുടെ ബോർഡ് ഈ പദ്ധതിക്ക് നേരത്തെ തന്നെ 823 കോടി അനുവദിച്ചിരുന്നു. കെഎസ്ഐടിഎൽ നിന്നാണ് ബാക്കി തുക കണ്ടെത്തുന്നത്. ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുന്നത് കെഎസ്ഇബിയുടെ ഹൈടെൻഷൻ പ്രസാരണ ലൈനുകളിലൂടെയാണ്. ഇതിനാൽ റോഡ് കുഴിക്കൽ വേണ്ടി വരുന്നില്ല. സബ്സ്റ്റേഷൻ വരെ എത്തുന്ന ഇത്തരം ലൈനുകളിൽ നിന്നു (കോർ നെറ്റ്‌വർക്ക്) നെറ്റ് കണക്‌ഷനുള്ള കേബിൾ കെഎസ്ഇബിയുടെ തന്നെ 40 ലക്ഷത്തിലേറെ വരുന്ന പോസ്റ്റുകളിലൂടെ വീടുകളിലും ഓഫിസുകളിലും എത്തിക്കാൻ പ്രാദേശിക ഏജൻസികളെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്.

പദ്ധതിക്ക് വേണ്ട സാങ്കേതിക ഉപകരണങ്ങളും കേബിളുകളും ദക്ഷിണ കൊറിയയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങൾ ഏറെ കുറെ പൂർത്തിയായി കഴിഞ്ഞു. കേബിളിലൂടെ തന്നെ എത്തുന്ന ഇന്റർനെറ്റ് കണക്‌ഷൻ സർക്കാർ ഓഫിസുകളിൽ ഇ ഗവേണൻസിനായി ഉപയോഗപ്പെടുത്തുന്നതിനു പുറമേ വീടുകളിൽ ഫോണും ഇന്റർനെറ്റും വേണമെങ്കിൽ കേബിൾ ടിവിയും നൽകാൻ പ്രയോജനപ്പെടുമെന്നതാണ് പദ്ധതിയുടെ നേട്ടം.

12 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായിട്ടാവും കണക്‌ഷൻ നൽകുക. മറ്റുള്ളവർക്കു മാസം എത്ര തുക ഈടാക്കണമെന്നതും മറ്റും നിശ്ചയിച്ചിട്ടില്ല. സംസ്ഥാനത്തെ 30,438 സർക്കാർ ഓഫീസുകളാണ് കെ ഫോണിന്റെ പരിധിയില്‍ വരുന്നത്. 52,746 കിലോമീറ്റർ കേബിളുകൾ വഴിയാണ് കെ ഫോൺ സർവീസ് ലഭ്യമാക്കുക.

കേബിൾ വഴി സംസ്ഥാനത്ത് 2000 വൈഫൈ ഹോട് സ്പോട്ടുകൾ സ്ഥാപിക്കും. അവിടെ നിന്നാണു (ലാസ്റ്റ് മൈൽ കണക്ടിവിറ്റി) സർവ സ്കൂളുകളിലും ആശുപത്രികളിലും ഓഫിസുകളിലും വീടുകളിലും ലഭ്യമാക്കുക. കലക്ടർമാർ ഓരോ ജില്ലയിലും വൈഫൈ ഹോട് സ്പോട് ഏതൊക്കെ പൊതു സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്ന ലിസ്റ്റ് നേരത്തെ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അ‍‍ടിസ്ഥാനത്തിൽ നൽകിയ ടെൻഡറിൽ കരാർ ബിഎസ്എൻഎലിനാണു ലഭിച്ചിരിക്കുന്നത്. ലൈബ്രറികളും പാർക്കുകളും ബസ് സ്റ്റാൻഡുകളും സർക്കാർ ഓഫിസുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിലുൾപ്പെടും.

ഹൈടെൻഷൻ പ്രസാരണ ശൃംഖലയിലൂടെ ഇന്റർനെറ്റ് കേബിൾ ഇടാൻ വേണ്ടി രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിയിൽ (എസ്പിവി) കെഎസ്ഐടിഎല്ലിനും കെഎസ്ഇബിക്കും 50 ശതമാനം വീതം ഓഹരിയുണ്ടാകും. കോർ നെറ്റ്‌വർക്കിനു കേബിൾ വലിക്കാനുള്ള നടപടികളിലേക്ക് ഐടി മിഷൻ സാങ്കേതിക സഹായത്തോടെ കെഎസ്ഐടിഎൽ നീങ്ങുകയാണ്. കേബിളിടുന്ന ജോലികൾ നവംബർ ആദ്യത്തിൽ തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കെഎസ്ഇബിയുടെ പോസ്റ്റ് താഴെ:

ഇന്റർനെറ്റ് സ്ലോ ആണോ? ഡിസംബറിലെത്തും കെഫോൺ‍

സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ‍. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പ്രസ്തുത പദ്ധതി. അതുവഴി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും നൽകുന്നതാണ്. എല്ലാവർക്കും ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ സഹായകമാകും.

സംസ്ഥാന സർക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സർവീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാൻഡ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാൻഡ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

കെഎസ്ഇബി-യും കെഎസ്ഐറ്റിഐഎൽ-ഉം ചേർന്നുള്ള സംയുക്ത സംരംഭം കെഫോൺ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെൻഡർ നടപടികളും പൂർത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിന് കരാർ നൽകുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽടെൽ, എൽഎസ് കേബിൾ, എസ്ആർഐറ്റി എന്നീ കമ്പനികളാണ് പ്രസ്തുത കൺസോഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.

കെഫോൺ പദ്ധതിയുടെ നേട്ടങ്ങൾ

∙ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടന്റ് സർവീസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്റ്റിക് ഫൈബർ നെറ്റ് വർക്ക് സംസ്ഥാനത്ത് നിലവിൽ വരും.

∙ ഐടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.

∙ 30000-ൽ അധികം സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10mbps-തൊട്ട് 1Gbps വേഗതയിൽ നെറ്റ് കണക്ഷൻ ലഭ്യമാകും.

∙ ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട് സിറ്റി തുടങ്ങിയ മേഖലകളിൽ കെഫോൺ സൗകര്യമൊരുക്കും.

∙ ഗ്രാമങ്ങളിലും ചെറുകിയ സംരംഭങ്ങൾക്ക് ഇ-കോമേഴ്സ് വഴി വിൽപ്പന നടത്താം.

∙ സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ മറ്റ് ഇ- സർവീസുകൾക്ക് കൂടുതൽ ബാൻഡ് വിഡ്ത്ത് നൽകി കാര്യക്ഷമത വർധിപ്പിക്കാൻ കെഫോൺ സഹായിക്കും.

∙ ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും. ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെഫോൺ പദ്ധതി സഹായിക്കും.