കവിതകൾക്ക് മാർക്കറ്റ് നഷ്ടപ്പെടുന്ന ഒരു കാലമാണിത്. ഇൻസ്റ്റൻൻ്റ് ഓൺലൈൻ കവിതകൾക്ക് പോലും നിലനില്പ് നഷ്ടമായിക്കൊണ്ടിരിക്കുന്നു. മൂല്യശോഷണം സംഭവിച്ച ഒരു ശാഖയായി കവിതാ വിഭാഗം നിരന്തര പരീക്ഷണങ്ങളുടെ ഫലപ്രാപ്തി കൈവരിച്ചുകൊണ്ടിരിക്കുമ്പോൾ പുസ്തകമായി കവിതാ സമാഹാരങ്ങൾ ഇറങ്ങിയാൽ അവ ശ്രദ്ധിക്കാൻ എത്ര പേരുണ്ടാകും.?

വായനയുടെ സ്വാദ് നഷ്ടപ്പെടുത്തുന്ന തലത്തിലേക്ക് കവിത ഇറങ്ങി നില്ക്കുകയാണിന്ന്. അക്ഷരം കൂട്ടി വായിക്കാനോ, അർത്ഥം അറിയാനോ തയ്യാറാകുക കൂടിയില്ല ഇന്നത്തെ ഓൺലൈൻ കവികൾ. ഒരിക്കൽ നൂറുദിന കവിതായജ്ഞം നടത്തിയ ഒരു സോഷ്യൽ മീഡിയ കവിയോടു ഇതെങ്ങനെ സാധിക്കുന്നു എന്നു ചോദിക്കുമ്പോൾ , അതും ഒരു വാക്ക് എടുത്ത് അതിൻ്റെ അർത്ഥവും ആ കവിതയിലെ സ്ഥാനവും തിരക്കുമ്പോൾ നല്കിയ മറുപടി ശബ്ദതാരാവലിയിൽ നിന്നും കുറച്ചു വ്യത്യസ്ഥതയുള്ള വാക്കുകൾ ശേഖരിക്കും, അധികം പരിചരിച്ചു കാണാത്ത ആ വാക്കുകൾ ഉപയോഗിച്ചു കവിതയുണ്ടാക്കുന്നതാണ് എന്നായിരുന്നു.

ചില കവികൾ കവിതയ്ക്കു പ്രയോഗിക്കാൻ വേണ്ടി പുതുമയുടെ ആവശ്യത്തിലേക്ക് വാക്കുകളുടെ നാനാർത്ഥം തിരഞ്ഞു നടക്കുന്നത് കാണാൻ കഴിയാറുണ്ട്. ഒരു തരത്തിൽ ഇവരൊക്കെ ഭാഷയ്ക്ക് സഹായകമാകുന്ന എഴുത്തുകാരുമാണ്. കാരണം സ്വയം പുതിയ വാക്കുകൾ പഠിക്കുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതു മൂലം വായനക്കാർ (അങ്ങനെ ചിലരെങ്കിലുമുണ്ട് )ക്ക് ഭാഷയോടു കൂടുതൽ താത്പര്യവും പഠനവും സാധ്യമാകുന്നുണ്ടല്ലോ.

 
വൃത്തവുമലങ്കാരവും ഇന്ന് കവിതകൾക്ക് ആവശ്യമില്ലാത്ത കാലമാണ്. ഈണമെന്നതും ഒരത്യാവശ്യ ഘടകമല്ല. ചൊല്ക്കവിതകൾക്ക് പുതിയ രൂപവും ഭാവവും വന്നു കഴിഞ്ഞു. വീഡിയോകളിലൂടെ ഉടുത്തും ഉടുക്കാതെയും നിന്നും നടന്നും കിടന്നും നൃത്തം ചവിട്ടിയും കവിതകൾ പറഞ്ഞു തീർക്കുന്ന ആധുനിക കവികളിൽ നിന്നും ഈണത്തെക്കുറിച്ചും കാവ്യഭംഗിയെക്കുറിച്ചും പഠിക്കേണ്ടതുണ്ട് പുതിയ തലമുറ. അതല്ലാത്ത പക്ഷം അവർ പഴഞ്ചനും ആസ്വാദകരല്ലാത്തവരും ഒക്കെ ആയിത്തീരുകയും ചെയ്യും.

കവിതാ മത്സരങ്ങൾക്ക് മാർക്കിടുന്നവരുടെ കാര്യവും കഷ്ടം തന്നെ. അവർ അധ്യാപകരാണെങ്കിൽ പറയുകയും വേണ്ട.


“അസീം താന്നിമൂടി”ൻ്റെ “കാണാതായ വാക്കുകൾ ” എന്ന കവിതാ സമാഹാരത്തിൽ ചെറുതും വലുതുമായ 72 കവിതകൾ ഉണ്ട്. ദേശമംഗലം രാമകൃഷ്ണനും, കെ.പി.ശങ്കരനും എഴുതിയ ദീർഘമായ കുറിപ്പുകൾ തുടക്കമിടുന്ന പുസ്തകം. ദേശാഭിമാനിയിൽ വന്ന ഒരു കവിതയുടെ വായന നടത്തിയ പ്രൊഫ: എം.കൃഷ്ണൻ നായരിൽ തുടങ്ങുന്ന ഈ കവിതാ സമാഹാരത്തിലെ എല്ലാ കവിതകളും വിവിധ പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ്. ഈ സമാഹാരത്തിൻ്റെ പ്രധാന പ്രത്യേകതയെന്നത് നല്ലൊരു എഡിറ്റിംഗ് വർക്ക് നടന്ന പുസ്തകം എന്നതു തന്നെ. വായനയുടെ രസത്തെ ഒട്ടും ബാധിക്കാത്ത വിധത്തിൽ അതു വർത്തിച്ചിരിക്കുന്നു.


ഒരു കവി എന്നാൽ എന്തിലും കവിത കാണുന്നവനാകണം എന്ന സാമാന്യബോധത്തിനുള്ളിൽ നിന്നു കൊണ്ടാണ് ശ്രീ അസീം കവിതകൾ കുറിച്ചിരിക്കുന്നത് എന്ന് കാണാം. വിഷയവൈവിധ്യത്തിലൂടെ വായനക്കാരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞ ഒരു സമാഹാരമാണ് ഇത് എന്നു പറയാം.

ഉപ്പുപ്പായുടെ ചാരുകസേരയും നെടുമങ്ങാട് വിശേഷവും തിരുവനന്തപുരത്ത് നിന്നുള്ള ബസും ഒക്കെ അങ്ങനെ കവിതയായ പ്രത്യേകതകൾ ആണ്. സ്ഥിരം കവിതാ രചനക്കാരുടെ നൊസ്റ്റാൾജിക്ക് വിഷയമായ പ്രണയം വിരഹം സെൻ്റിമെൻ്റൽ മെലോ ഡ്രാമകൾ ഒന്നും തന്നെ ഈ കവിതകളെ സ്പർശിച്ചു കാണാനാകില്ല. വ്യക്തമായ രാഷ്ട്രീയവും, സാമൂഹികവുമായ കാഴ്ചപ്പാടുകൾ ഉള്ള ഒരാൾ തന്നെയാണ് കവി.


എല്ലാ കവിതകളും നല്ലവയാണെന്ന അഭിപ്രായമില്ല. ഇഴകീറി നോക്കിയാൽ അർത്ഥരാഹിത്യമുള്ള ചില കവിതകൾ വായനയെ ബാധിച്ചേക്കും. അതുപോലെ സാമൂഹ്യ പ്രതിബദ്ധത എന്നത് മതബോധവും സദാചാര ബോധവും നിറഞ്ഞ ഒരു കണ്ണാടിയിലൂടെയുള്ള കാഴ്ചയാണ് എന്നു കരുതുന്ന കവിയുടെ ചില കവിതകളും അസ്വാരസ്യം നിറച്ചേക്കാം എന്നിരിക്കിലും പൊതുവായ വായനയിൽ നല്ല നിലവാരവും അക്ഷരശുദ്ധിയും നിറഞ്ഞ ഒന്നായി ഈ സമാഹാരത്തെ വിലയിരുത്താനാകും.


ഭാഷയുടെ വളർച്ച വായനയിലൂടെയാണ്. കവിതയുടെ വളർച്ച നിരന്തര വായനയിലൂടെയും ഭാവനയി ലൂടെയും ലോകവീക്ഷണത്തിലൂടെയും ആണ് സംഭവിക്കുക. നവീകരണം സ്വയവും സമൂഹത്തിനും സംഭവിക്കണം. അത്തരം തലങ്ങളിലേക്ക് കവികൾ എത്തിച്ചേരട്ടെ എന്ന ശുഭപ്രതീക്ഷകളോടെ ആശംസകൾ നേരുന്നു. .

ബി.ജി.എൻ വർക്കല