റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്തത്. അർണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തി. തുടർന്ന് അർണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അർണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. അർണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു.

2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അർണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. അർമാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.