അപ്പുറത്തോ ഇപ്പുറത്തോ 
അല്ല,
പുഴയുടെ മാറത്തു നിഴലുകൾ ഉണ്ട്.

നിറഞ്ഞും മുറിഞ്ഞും നീങ്ങും 
ജലവാത്സല്യത്തെ നിശബ്ദം അനുഗമിക്കുന്നവ.

മലർന്നു ചിരിച്ചും,
കമിഴ്ന്നു കരഞ്ഞും 
ഒഴുകുന്ന ഓരോ 
നഗ്നവഴികളിലും 
തെളിഞ്ഞു കാണാമവയെ, 
പൊക്കിൾക്കൊടിയളവുകളായി.

മുകളിലെ
ചരടില്ലാത്ത പട്ടങ്ങൾ, മേഘയൗവനങ്ങൾ
മുഖം നോക്കാറുണ്ടു താഴെ 
മണ്ണിന്റെ രസചട്ടയുള്ള
ഇളകുന്ന കണ്ണാടിയിൽ.

എപ്പോഴെങ്കിലും , 
കിളികൂട്ടം മട്ടിൽ
അവയവളെ കടന്നു മറയുമ്പോൾ 
തുറന്ന നെഞ്ചിൽ വീഴുന്ന പ്രതിരൂപങ്ങൾ 
അവരുടെ, 
ഓരോന്നും 
കരുതി വെയ്ക്കാറുണ്ടിവൾ
ഈ പുഴ.

മഴയിൽ ഉലയുകയും, 
വെയിലിലുയരുകയും ചെയ്യുന്ന  ജീവദ്രവം   
ഘനീഭവിച്ചുയർന്ന
കുഞ്ഞുങ്ങൾ,  
അതിരു മാറി അകലെയാകാശത്തിലൂടെ 
കാട് കേറിയേതോ 
കരയിൽ പെയ്തു തീരുമ്പോഴും 
നനഞ്ഞുമുണങ്ങിയും 
കീറുന്ന കാലങ്ങൾ  ചേർത്തുറങ്ങുന്നു , 
ഒഴുകിയെത്തുന്നിടത്തു  
എന്നുമിവൾ.

വറ്റുമ്പോൾ 
നെഞ്ചിലൊട്ടിയൊലിക്കും 
ഏതു  മുലപ്പാലിനും
നദിയുടെ നനഞ്ഞ മണ്ണിന്റെ മണമാണ് .

മാറു നിറയുമ്പോൾ
ഉദിക്കുന്ന മിഴികൾ ,
കടവ് തൊടുന്ന 
ഒഴുക്ക് പോലെ 
ഇരു കര കേറി നിൽക്കും.

നോക്കു ,
സഞ്ചാരികളായ മേഘങ്ങൾ പറഞ്ഞു തരും,
അമ്മയുടെ കണ്ണുകളിൽ 
നമ്മളെ എങ്ങനെ കാണാമെന്ന്.
കെ ഗോപിനാഥൻ

ദുബായിൽ ബാങ്കിങ് മേഖലയിൽ ജോലി ചെയ്യുന്നു
ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്.
” കോരപ്പനാൽ വെയിൽ ഏൽക്കാത്ത പേര്”
കവിതാ സമാഹാരമാണ്.