
ചോദ്യമാണ് ഞാൻ
ഗതിവിഗതികൾ അറിയാതെ
ഒഴുകിപ്പോവുന്ന
പായ്ക്കപ്പൽ പോലെ…
യാത്രയിൽ മനസ്
കാടുകേറിപ്പോവുന്നുണ്ട്
പക്ഷിയെപ്പോലെ
ചിറകു വിരിച്ച് ,
കാടും മലയും താണ്ടി
ആകാശച്ചരുവിലേക്ക് ,
അവിടെ
ഒരു തുണ്ട് മേഘം സ്വന്തമാക്കി
അതിൽ തൂങ്ങിപ്പറന്നു
പിടിവിടാതിരിക്കാൻ
മേഘം എന്നെ ചേർത്ത് പിടിച്ചു ..
താരകങ്ങൾ നിറഞ്ഞ ആകാശത്ത്
നിലാവ് പൂത്ത രാത്രിയിൽ യാത്ര
മഞ്ഞിൽ കുളിച്ചു നില്ക്കുന്ന
സെന്റ് പീറ്റേർസ് ബർഗിൽ
വോഡ്കയുടെ പിൻബലത്തിൽ
രാത്രിയിൽ ചെന്നിറങ്ങി ..
മേഘം
എന്റെ തേരാളിയായി കാത്തു നിന്നു
എന്നെ കീഴടക്കിയ വോഡ്കയിൽ ഞാൻ
ടോൾ സ്റ്റോയിയുടെ
മലാഷ എന്ന പെൺകുട്ടിയായി
മഞ്ഞുകണങ്ങൾ പെയ്യുന്ന
താഴ്വരയിൽ പാറി നടന്നു ..
വസന്തം വിരുന്നിനെത്തിയ
പാതയോരങ്ങളിൽ
വിരിഞ്ഞു നിൽക്കുന്ന
ചുവന്ന പൂക്കൾ കണ്ടു ..
അതിൽ നിറയെ
മഞ്ഞുതുള്ളികൾ ഉമ്മ വച്ചിട്ടുണ്ട് .
എന്റെ മുഖം ഒന്നു തുടുത്തു
ഞാൻ ഒഥല്ലോയിലെ
കഥാപാത്രം ബിയാൻസയായി
ഒന്നു തിരിഞ്ഞു നോക്കി ..
എന്നെ ചുംബിക്കാൻ
ആരെങ്കിലും പിറകിലുണ്ടോ എന്ന് ..
ഒലിവ് മരത്തിന്റെ തുഞ്ചത്തു നിന്നും
ഒരു ശലഭം പാറി വന്നു
ചുണ്ടിൽ ഉരസി കടന്നു പോയി
ഒരു ചെറുചൂട് ..
മെല്ലെ ഞാൻ ചുണ്ടിൽ
വിരലുകൾ ഓടിക്കവേ
പാഞ്ഞു വന്ന കാറ്റ്
അത് തട്ടിമാറ്റി ..
ശലഭമേ നീ
വാൻഗോഗ് ആയിരുന്നെങ്കിൽ
എന്റെ പ്രണയം നിങ്ങളുടെ
ഏകാന്തതയ്ക്ക് തരാമായിരുന്നു
വിഷാദചിന്തകളിൽ
ഞാൻ കൂട്ടാവുമായിരുന്നു
കാരണം ഞാനും
ഉത്തരമില്ലാത്ത ചോദ്യമാണ് ..
മഞ്ഞു പെയ്യുന്ന
ഈ തണുത്ത രാത്രിയിൽ
ഞാൻ കണ്ട പെയിന്റിങിൽ
എന്റെ മുഖം നിറച്ച് വച്ചിരുന്നു..
വാൻഗോഗ്
അപ്പോള് നീ തന്നെ
ആയിരുന്നു അല്ലേ ആ ശലഭം
എനിക്ക് മാത്രമായി
നീ കോറിയിട്ട ചിത്രം പോലെ
എന്റെ തൂലികയിൽ
ചുവന്ന മഷി നിറച്ച്
അതിൽ പ്രണയമെന്ന്
എഴുതി വച്ചു ഞാൻ
ഇപ്പോൾ ഇലയനക്കങ്ങൾ നിലച്ചു
ഇരുട്ട് കൂടാൻ തുടങ്ങി
മേഘം ഒന്നു നോക്കി
തിരിച്ചു പോകാം എന്ന പോലെ ..
വോഡ്കയുടെ കെട്ടിറങ്ങി
ഞാൻ മേഘത്തെ മുറുകെ പിടിച്ചു
പറക്കാൻ തുടങ്ങി
ഒരു ചെറുചില്ല കാണുന്നുണ്ട് ..
മേഘം എന്നെ താഴെ ഇറക്കി
ഇരുൾ നിറഞ്ഞ ശിഖരത്തിൽ
ഒരു രാപ്പാടി പക്ഷി
തേങ്ങുന്നുണ്ടായിരുന്നു
ദൂരേക്ക് നോക്കി
എനിക്ക് വഴി തെറ്റിയോ
രാവ് പുലരിയെ പുണരും വരെ
മധുരമായ വ്യഥയുടെ
ഭാണ്ഡവും പേറിയിരുന്നു
ആകാശം ചിരിക്കാനുള്ള
പുറപ്പാടിലാണ് .
മേഘങ്ങൾ വഴിമാറാൻ തുടങ്ങി
അകന്നു പോകുന്ന
രാപ്പാടിപ്പക്ഷിയുടെ
ചിറകടിശബ്ദം
കേൾക്കുന്നുണ്ട്
പകൽ നിറയുന്നതിനു മുൻപ്
അടുത്ത പ്രണയം
തേടി പോകുന്നതാവാം
അവളും
ഉത്തരമില്ലാത്ത ചോദ്യമാണോ
എന്നെപ്പോലെ ???
