ഒരു കുഞ്ഞു സങ്കടം
ഹൃദയത്തിൽനിന്ന്
തൊണ്ടയിൽ
വന്നു കുടുങ്ങി

കവിളിൽ ചുമ്മാതെ
ഒന്ന് തൊട്ടുനോക്കി
ചുണ്ടിൽ അറിയാതെ വന്ന്
ഉമ്മ വെക്കുന്ന നേരത്ത്
ഏറ്റവും ഉപേക്ഷിക്കപ്പെട്ടവളാ-
ണെന്ന തോന്നലിൽ
ഉണർന്നെണീക്കുകയും,
കിടക്ക വിരികൾ
മനോഹരമായി
വിരിച്ചിടുന്നവൾ

കണ്ണാടിയിൽ
കറുപ്പിൻ്റെ ഇടയിലെ
വെള്ളി മുടികളെ
നോക്കുമ്പോഴോ
അതുമല്ലെങ്കിൽ
ഒരു പൊട്ടു കുത്താൻ
നോക്കുമ്പോഴോ
കണ്ണിലെ തിമിരവളയങ്ങൾക്കു
കനംവച്ചോയെന്ന്
ശ്രദ്ധിക്കുമ്പോളോ…
ഒരു വിതുമ്പൽ
ചുണ്ടിൽ കാണാതെ
നിൽക്കുന്ന നേരത്ത്
നൂല് പൊട്ടിയ പട്ടംപോലെ
ഒരു  വിങ്ങലിൽ
ചാഞ്ചാടുമ്പോഴും,
മുറികൾ അടുക്കുകയും,
തുടയ്ക്കുകയും
ചെയ്യുന്നവൾ ..

ചിതറിപ്പോയ സന്തോഷങ്ങളെ
ആയാസപ്പെട്ടു പെറുക്കി
മണ്ണും കരടും നീക്കി
ആകാവുന്ന ഭംഗിയിൽ
ഒരു പാത്രത്തിലാക്കി
വിളമ്പുമ്പോഴാകും 
ആരുടെ പാത്രമെന്നറിയാതെ
വരുന്ന കൊച്ചു സങ്കടത്തെ
തലവേദനയെന്ന്
പേരിട്ടുവിളിച്ച്
നന്നായി ചിരിക്കുകയും
കഴുകിയ പാത്രങ്ങൾ
അടുക്കി വയ്ക്കുന്നവൾ..

ഒരു മഴയിലേക്കിറങ്ങി
നിൽക്കണമെന്ന
സ്വപ്നത്തെ
കുളിമുറിയിലെ
പെപ്പിൻ ചോട്ടിൽ
കെട്ടിയിട്ടു
കരഞ്ഞ് തീർക്കുന്നവൾ….

ഒരു ചായകപ്പ് നീട്ടി ,
തോളിലേക്കാരോ
ചേർത്തു നിർത്തി
ചുംബിച്ചെന്ന
പകൽക്കിനാവ് കണ്ട്
ഉറക്കം നഷ്ടപ്പെടുമ്പോഴും
ചുറ്റുമുള്ളവർക്കിഷ്ടമുള്ള ഭക്ഷണം
പാകം ചെയ്യുകയും
അവരെ മാത്രം
കാത്തിരിക്കുന്നതായി
തെളിവുകൾ ഉണ്ടാക്കുകയും
ചെയ്യുന്നവൾ ..

അവൾ
ശൂന്യതയിൽ വരയ്ക്കുന്ന
മഴവില്ലിന്
നിറം കൊടുക്കാനറിയാതെ
പൂച്ചെടികൾക്ക്
വെള്ളമൊഴിക്കുന്നവൾ.
.
കൃത്യമായ സമയത്ത്
ഏതോ മാരകരോഗത്തിനുള്ള
മരുന്ന് കഴിക്കുംപോലെ
വെറുതേ ചില സ്നേഹങ്ങൾ
വാരി തിന്നുകൊണ്ടിരിക്കുന്നവൾ

നിറം കെട്ടുപോയ
പഴയ കുപ്പായം
തപ്പിയെടുത്തു
അതിൽ കയറി
പഴയതെന്തോ
ഓർക്കും പോലെ
നിറമുള്ള ജനൽ വിരിയുടെ
ഞൊറികൾ ശരിയാക്കുന്നവൾ…

എല്ലാം പെട്ടെന്ന്
ഉപേക്ഷിച്ചു പോകാനുള്ള
ഉടലിനെയും,
മരണത്തിനെയും പോലെ
സ്നേഹത്തിൻ്റെ
ദിനങ്ങളുമായി
കടന്നുവരുന്നവരെ
സ്വീകരിക്കാൻ
കാത്തിരിക്കുന്നവൾ..

എത്ര ഉച്ചത്തിൽ പാടിയാലും
പുറത്തുവരാത്ത പാട്ടുമായി
തിരക്കിട്ട് വീടാകെ
ഓടിനടക്കുമ്പോഴും
ഇടയ്ക്കിടെ
ജനാലയ്ക്കലേക്ക്
ഒന്നെത്തി നോക്കുന്നതായൊഴിച്ചാൽ
സ്നേഹത്തിന്റെ
പിടച്ചിലുകളുള്ള
ഓരോർമ്മയും
അവളുമായൊരു
ബന്ധമില്ലെന്ന്
സ്വയം വാദിക്കുന്നവൾ..

ചില ദിവസങ്ങളിൽ
അവളങ്ങിനെയാണ്.
ജിഷരാജു 

ടീച്ചർ ആയി ജോലി നോക്കുന്നു. ജീവിതം ബാംഗ്ലൂരിൽ