രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും യാത്ര ചെയ്യാനുള്ള പുതിയ വിമാനമായ എയർ ഇന്ത്യ വണ്ണിന്റെ ചിത്രങ്ങൾ ചോർന്നതിനെ തുടർന്ന് എയർ ഇന്ത്യ ക്യാബിൻ ക്രൂ അംഗങ്ങളെ താൽക്കാലികമായി ജോലിയിൽ നിന്ന് നീക്കി. പുതിയ വിമാനം ഭാരതത്തിലെത്തിയപ്പോൾ ക്രൂ അംഗം ചിത്രങ്ങൾ പകർത്തിയിരുന്നു. കഴിഞ്ഞ മാസം ആദ്യമാണ് വിമാനത്തിന്റെ കാബിൻ ചിത്രങ്ങൾ പകർത്തിയത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഇന്ത്യയിലെ മുതിർന്ന ക്യാബിൻ ക്രൂ അംഗം ക്യാബിൻ ലേ ഔട്ട്, സീറ്റുകൾ എന്നിവയടങ്ങുന്ന ചിത്രങ്ങൾ കുടുംബാംഗങ്ങളുമായും സുഹൃത്തുകളുമായും പങ്കു വച്ചിരുന്നു. ചിത്രങ്ങൾ പിന്നീട് നിരവധി ഗ്രൂപ്പുകളിലൂടെ പ്രചരിച്ചു. ഈ സംഭവം തടയേണ്ട ക്യാബിൻ ക്രൂ അംഗത്തെയും ക്യാബിൻ സൂപ്പർവൈസറെയും അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.