*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം* 

ദുർവ്വാസാവിന്റെ ശാപം നിമിത്തം അകാല വാർദ്ധക്യവും ജരാനരയും ബാധിച്ച ദേവന്മാർ പരിഭ്രാന്തിയിലായി ! പാൽക്കടൽ കടഞ്ഞെടുത്ത അമൃതം ഭുജിച്ചാൽ ശാപമോചിതരാകാമെന്ന വിഷ്ണു ഭഗവാന്റെ ഉപദേശമനുസരിച്ച് മഹാമേരുവിനെ കടകോലാക്കിയും വാസുകിയെ കയറാക്കിയും ദേവാസുരന്മാർ പാലാഴി മഥനം നടത്തി. 
പക്ഷേ, തന്ത്രശാലികളായ അസുരന്മാർ ദേവന്മാരെ പറ്റിച്ച് കടഞ്ഞു കിട്ടിയ അമൃതവുമായി കടന്നുകളഞ്ഞു !  അസുരന്മാരുടെ സൗന്ദര്യ മോഹം മനസ്സിലാക്കിയ വിഷ്ണു ഭഗവാൻ അതിസുന്ദരിയായ മോഹിനിയായി അവതരിച്ചു.  തന്ത്രപരമായി അമൃതം വിളമ്പി തരാമെന്ന് വാഗ്ദാനം ചെയ്തു. എല്ലാവരും കണ്ണടച്ചു പ്രാർത്ഥിച്ചോളൂ എന്നു പറഞ്ഞതിനു ശേഷം, പൊരുളാർന്ന പുഞ്ചിരിയോടെ മോഹിനി അമൃതവുമായി ദേവലോകത്തെത്തി. അമൃതം പാനംചെയ്ത് ദേവന്മാർ ശാപമോചിതരായി.
സൗന്ദര്യ ബോധം ലോക സഹജമാണല്ലോ ! മഹാദേവന്റെ മോഹിനീഭാവത്തിലുള്ള ജ്വലിത സൗന്ദര്യത്തിൽ മതിമറക്കുകയും അനന്തരം ഉത്രം നക്ഷത്രത്തിൽ കോമള രൂപനായ ഹരി – ഹരപുത്രൻ ജാതനാവുകയും ചെയ്തു.
മഹിഷിയെ നിഗ്രഹിച്ച് ദേവന്മാരെ രക്ഷിക്കുക എന്നതായിരുന്നു ധർമ്മ ശാസ്താവിന്റെ അവതാര ലക്ഷ്യം.ഹരന്റെ ജ്ഞാന ശക്തിയും ഹരിയുടെ പ്രസന്നതയും കൂടിച്ചേർന്ന ചെന്താമര പൈതലിന്റെ കണ്ഠത്തിൽ മഹാദേവൻ ഒരു മണി ചാർത്തിയതിനുശേഷം പമ്പാനദിയുടെ കരയിൽ ഉപേക്ഷിച്ചു.

*സ്വാമിയേ ശരണമയ്യപ്പാ…*

തുടരു൦..

സുജ കോക്കാട്